കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ പ്രസംഗം പൂർത്തിയാക്കാതെ പാതിയിൽ നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്കുകൾ ഇടറി, വികാര വായ്പോടെയായിരുന്നു പിണറായി പ്രസംഗത്തിലുടനീളം സംസാരിച്ചത്. ‘കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് കരുതിയില്ല’ ഇങ്ങനെ പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രിക്ക് തന്റെ വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല…
‘ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു,’- മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വിതുമ്പിക്കരഞ്ഞു.
പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങൾക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാൻ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്ന് പിണറായി പറഞ്ഞു.
അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നാരംഭിച്ച വിലാപയാത്രയ്ക്കൊപ്പം കാല്‍നടയയായി രണ്ടര കിലോമീറ്റര്‍ മുഖ്യമന്ത്രിയും ചേര്‍ന്നു. പയ്യാമ്പലത്തെത്തിച്ച കോടിയേരിയുടെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴും ശവമഞ്ചം ചുമലിലേറ്റാന്‍ പിണറായി മുന്നില്‍ നിന്നു. പിണറായിയെ കൂടാതെ പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എംഎ ബേബി തുടങ്ങിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും ശവമഞ്ചം ചുമലിലേറ്റി നടന്നു.
ശനിയാഴ്ച രാത്രിയില്‍ യൂറോപ്യന്‍ യാത്രയ്ക്കൊരുങ്ങിയ മുഖ്യമന്ത്രിയുടെ കാതുകളിലേക്ക് ഉച്ചയോടെയാണ് ആ വിവരം എത്തിയത്. കോടിയേരിയുടെ ആരോഗ്യനില വഷളായിരിക്കുന്നു. ഉടന്‍ തന്നെ യൂറോപ്പ് സന്ദര്‍ശനം മാറ്റിവെക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കി കോടിയേരിയെ കാണാനായി ചെന്നൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അതിനു മുന്‍പ് ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ വിയോഗവാര്‍ത്തയെത്തി. ചെന്നൈ അപ്പോളോയില്‍ നിന്ന് കോടിയേരിയുടെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ തലശ്ശേരിയിലെത്തിക്കുമ്പോഴേക്കും മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് ഓടിയെത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സംഘമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മൂന്നേകാൽ വരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. മൃതദേഹം ഞായറാഴ്ചയാണ് എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലെത്തിച്ചത്. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു.
ജനങ്ങൾക്കും പാർട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്താകും. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.