രാജസ്ഥാനിലെ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രകോപിതനായി അശോക് ഗെഹ്ലോട്ട്. ജയ്പൂരിലെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അശോക് ഗെഹ്ലോട്ട്. മാധ്യമങ്ങൾ ഒരു കിംഗ് മേക്കറായി മാറിയിരിക്കുന്നുവെന്നും പക്ഷപാതപരമായ പങ്ക് വഹിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ‘ഞാനൊരു മാധ്യമ അനുകൂലിയാണ്. എന്നിട്ടും മാധ്യമങ്ങൾ എന്നെ വെറുതെ വിടുന്നില്ല.
രാജസ്ഥാനിൽ പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം മാധ്യമങ്ങൾക്ക് പങ്കുണ്ട്. മാധ്യമങ്ങളോട് പ്രതികാരം ചെയ്യാനില്ല. എല്ലാം ജനങ്ങൾക്ക് മനസിലാകും’ എന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.ഒക്ടോബർ 7, 8 തീയതികളിൽ ജയ്പൂരിൽ നടക്കുന്ന ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗെലോട്ട്. കോൺഗ്രസ് വിമർശിച്ചിട്ടും ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിക്ക് അദാനി ഗ്രൂപ്പിനെ ക്ഷണിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അദാനി ഗ്രൂപ്പ് നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, ഉച്ചകോടിയിലേക്ക് അവരെ സ്വാഗതം ചെയ്യുന്നു’ എന്ന് ഗെഹ്ലോട്ട് പറഞ്ഞു.