കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുവച്ചിരിക്കുന്ന മൃതദേഹത്തിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു.
കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്. വൻ ജനാവലിയാണ് കോടിയേരിയെ കാണാൻ വഴികളിൽ കാണാൻ കാത്തുനിന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് 3നു പയ്യാമ്പലത്താണ് കോടിയേരിയുടെ സംസ്കാരം. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലാണ് കോടിയേരിക്കും അന്ത്യവിശ്രമം ഒരുങ്ങുന്നത്.