ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഗുവാഹാട്ടിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര (2-0) സ്വന്തമാക്കിയത്. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ ഇന്ത്യ ഒരു ട്വന്റി 20 പരമ്പര ജയിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
സെഞ്ച്വറി നേടിയ ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡീക്കോക്കും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്ച്ചടിച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ വിജയ തീരമണക്കാനായില്ല. 16 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മില്ലര്‍ പുറത്താവാതെ 106 റണ്‍സെടുത്തു. ഡിക്കോക്ക് 69 റണ്‍സെടുത്തു. ഇന്ത്യന്‍ ബോളര്‍മാര്‍ കണക്കിന് തല്ലു വാങ്ങിയ മത്സരത്തില്‍ അവസാന അഞ്ച് ഓവറില്‍ മാത്രം 70 ലധികം റണ്‍സാണ് പിറന്നത്.
അവസാന ഓവറില്‍ ജയിക്കാന്‍ 37 റണ്‍സ് വേണമെന്നിരിക്കെ മില്ലര്‍ അക്സര്‍ പട്ടേലിനെ മൂന്ന് തവണയാണ് നിലം തൊടീക്കാതെ അതിര്‍ത്തി കടത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്കായി അര്‍ഷ ദീപ് സിങ്ങ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ച ബാറ്റര്‍മാരുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു.
കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. അഞ്ചു ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 22 പന്തിൽ 61 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രാഹുൽ 28 പന്തിൽ 57 റൺസെടുത്തു.
ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ(37 പന്തിൽ 43)യും രാഹുലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.5 ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ പന്ത് കേശവ് മഹാരാജ് പിടിച്ച് രോഹിത് ശർമ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഇന്ത്യ 96 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. തൊട്ടുപിന്നാലെ രാഹുലും പുറത്തായെങ്കിലും പിന്നീടെത്തിയ സൂര്യകുമാറും വിരാട് കോലി (28 പന്തിൽ 49*)യും ചേർന്ന് ഇന്ത്യയുടെ സ്കോർ 200 കടത്തി. 18.1 ഓവറിൽ സൂര്യകുമാർ റണ്ണൗട്ട് ആകുമ്പോൾ ഇന്ത്യ 209 എന്ന മികച്ച നിലയിലെത്തിയിരുന്നു. സൂര്യകുമാറിനു പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാർത്തിക്ക് 7 ബോളിൽ 17 റൺസെടുത്ത് പുറത്താകാതെ കോലിക്ക് മികച്ച പിന്തുണ നൽകി.
ദക്ഷിണാഫ്രിക്കയ്ക്കായി വെയ്ൻ പാർനലും ലുംഗി എൻഗിഡിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി.