കണ്ണൂര്‍: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു. എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. ടൗണ്‍ ഹാളിലേക്ക് എത്തിയ കോടിയേരിയുടെ ഭാര്യ വിനോദിനി വിങ്ങിപ്പൊട്ടി തളർന്നുവീണു.
കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്. മുഷ്ടിചുരുട്ടി മുദ്രവാക്യങ്ങളുയര്‍ത്തി അവര്‍ കോടിയേരിയുടെ ഭൗതിക ശരീരത്തെ വരവേറ്റു. മട്ടന്നൂരും കൂത്തുപറമ്പും കതിരൂരും കോടിയേരിക്ക് വികാരനിര്‍ഭരമായിരുന്നു യാത്രയയപ്പ്. നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി എന്നിവിടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. ടൌണ്‍ ഹാളിന് മുന്നല്‍ പൊലീസ് കോടിയേരിക്ക് ആദരം അര്‍പ്പിച്ചു. ഇന്ന് രാത്രി എട്ടുമണി വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. കോടിയേരിയെ അവസാനമായി കാണാന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഭാര്യ വിനോദിനിയും മകന് ബിനീഷും മരുമകള്‍ റിനീറ്റയും എയര്‍ ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെ തലശ്ശേരിയിലേക്ക് വിലാപയാത്ര ആരംഭിച്ചു. പതിനാല് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിലാപയാത്ര നിര്‍ത്തി. റോഡിന് ഇരുവശവും വന്‍ ജനാവലിയായിരുന്നു.
മാടപ്പീടികയിലെ വീട്ടിലും സിപിഎം ഓഫീസിലും നാളെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.സംസ്ക്കാരം പൂര്‍ണ്ണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും. കോടിയേരിയുടെ നിര്യാണത്തില്‍ ആദരസൂചകമായി തലശ്ശേരി, ധര്‍മ്മടം,കണ്ണൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താലാണ്. വാഹനങ്ങളെയും ഹോട്ടലുകളെയും നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാൻക്രിയാസിലെ അർബുദരോഗം മൂർഛിച്ചതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.