ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ബ്രിജ്ലാൽ ഖാബരിയെ നിയമിച്ചു. സംസ്ഥാനത്ത് രണ്ടു സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് അജയ് ലല്ലു രാജിവെച്ച് മാസങ്ങൾക്ക് ശേഷമാണ് നിയമനം. ദലിത് നേതാവായ ഖാബരി ബിഎസ്പിയിൽനിന്നാണ് കോൺഗ്രസിലെത്തിയത്. 2016ൽ ബിഎസ്പി പണം വാങ്ങി സീറ്റുകൾ വിറ്റെന്ന് ആരോപിച്ചാണ് ഖാബരി കോൺഗ്രസിൽ ചേർന്നത്.
പാർട്ടിയെ ശക്തിപ്പെടുത്താൻ യു.പിയെ ആറു മേഖലകളാക്കി തിരിച്ച് ഓരോ മേഖലക്കും പുതിയ നേതാവിനെ നിയമിച്ചിട്ടുണ്ട്. നസീമുദ്ദീൻ സിദ്ദീഖി-പശ്ചിം, അജയ് റായ്-പ്രയാഗ്, വീരേന്ദ്ര ചൗധരി-പൂർവാഞ്ചൽ, നകുൽ ദുബെ-അവധ്, അനിൽ യാദവ്-ബ്രജ്, യോഗേഷ് ദീക്ഷിത്-ബുന്ദേൽഖണ്ഡ് എന്നിവരാണ് മേഖലാ പ്രസിഡന്റുമാർ.