തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടിയേരിയോടുള്ള ആദര സൂചകമായി സിപിഐഎം പതാക പകുതി താഴ്ത്തി കെട്ടി പ്രവർത്തകരും ദുഃഖത്തിൽ പങ്കുചേരുകയാണ്. വിവിധ ഇടങ്ങളിൽ ചെറുതും വലുതുമായ അനുശോചന യോഗങ്ങളും ചേരുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് നാളെ കണ്ണൂരിലേക്ക് പോകും.
ഞായറാഴ്ച ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. 3ന് രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം. അന്നു മാഹി, തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ല.
ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.