കൊച്ചി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയെ പിന്തുണച്ച് ഹൈബി ഈഡൻ എംപിയും. തരൂരിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ഹൈബി നിലപാട് വ്യക്തമാക്കിയത്. ലൗ ഇമോജികള്ക്കൊപ്പമാണ് തരൂരിന്റെ ചിത്രം ഹൈബി പങ്കുവച്ചത്.
നേരത്തെ, മുൻ എംഎൽഎ കെ.എസ്.ശബരീനാഥനും തരൂർ വിജയിക്കേണ്ട ആവശ്യകത അക്കമിട്ട് നിരത്തി രംഗത്തുവന്നിരുന്നു. ഹൈബി കൂടി എത്തിയതോടെ കേരളത്തിലെ കൂടുതൽ കോൺഗ്രസ് യുവനേതാക്കൾ തരൂരിന് പിന്തുണയായി വരുമെന്നും സൂചനയുണ്ട്.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയെ പിന്തുണയ്ക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. ഖർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അതാണ് തന്റെ മനസ്സാക്ഷിയെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് നിർദേശിക്കില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞത്. എഐസിസി അംഗങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാം. വോട്ട് അവരവരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു കുടുംബം പാർട്ടിയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, എല്ലാ തീരുമാനങ്ങളും ഒരേ കേന്ദ്രത്തിൽനിന്നല്ല എടുക്കേണ്ടതെന്ന് തരൂര് പറഞ്ഞു. അധികാര വികേന്ദ്രീകരണം ഉണ്ടാകണം. നെഹ്റു കുടുംബത്തിന് പാർട്ടിയെ നയിക്കാൻ താൽപര്യമില്ല. 24 വർഷം പാർട്ടിയെ ഒരേ നേതൃത്വം തന്നെ നയിച്ചു. ഇനി മാറ്റം വേണം. എല്ലാ തീരുമാനങ്ങളും ഡൽഹിയിൽ എടുക്കേണ്ട ആവശ്യമില്ല. സംസ്ഥാന പി.സി.സികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകണം. എല്ലാ തലങ്ങളിലും അധികാര വികേന്ദ്രീകരണം നടക്കണം. പാർട്ടിയെ കുറിച്ച് ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. പ്രവർത്തകർക്ക് പാർട്ടിയോട് പറയാൻ അഭിപ്രായമുണ്ടാവും. എന്നാൽ, അത് കേൾക്കാൻ ആളില്ലെങ്കിൽ പാർട്ടി എങ്ങനെ നന്നാവും. ജനങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കാൻ പാർട്ടിയിൽ ഇടംനൽകണം-തരൂർ ആവശ്യപ്പെട്ടു.
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാന്ത്രികവടി എന്റെ കൈയിലില്ല. രാഷ്ട്രീയത്തിൽ മാന്ത്രികവടി ഉണ്ടായിരുന്നെങ്കിൽ മോദി ഉപയോഗിക്കുമായിരുന്നു. പൂർണസമയ അധ്യക്ഷൻ പാർട്ടിക്ക് ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങൾക്ക് സമീപിക്കാവുന്ന അധ്യക്ഷന്റെ ഇടപെടലാണ് ഇനി വേണ്ടത്. പി.സി.സി അധ്യക്ഷന്മാരെ മുഖവിലയ്ക്കെടുക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഖർഗെയും ശശി തരൂരും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. മത്സരിക്കാനായി ജാർഖണ്ഡ് മുൻ മന്ത്രി കെ.എൻ.ത്രിപാഠി സമർപ്പിച്ച പത്രിക തള്ളി. വ്യാഴാഴ്ച രാത്രി വൈകി കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലാണ് ഖർഗെയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയപ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖർഗെ രാജിവച്ചു. ഖർഗെയുടെ പത്രികകളിലൊന്നിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് എ.കെ.ആന്റണിയാണ്.