ദേശീയ ഗെയിംസ്: വനിതാ ഫെൻസിങ്ങിൽ കേരളത്തിന് സ്വർണം

 

 
അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വനിതകളുടെ വ്യക്തിഗത ഫെന്‍സിങ്ങില്‍ കേരളത്തിന്റെ രാധികാ പ്രകാശ് സ്വര്‍ണം നേടി. ഫോയില്‍ വിഭാഗത്തില്‍ മത്സരിച്ച രാധിക ഫൈനലില്‍ മണിപ്പൂരിന്റെ അനിതാ ദേവിയെ കീഴടക്കി.

ആവേശം നിറഞ്ഞ മത്സരത്തില്‍ 15-12 എന്ന സ്‌കോറിനാണ് രാധികയുടെ വിജയം. 

ഇന്ന് കേരളം നേടുന്ന രണ്ടാം സ്വര്‍ണം കൂടിയാണിത്. നേരത്തേ വനിതകളുടെ 4×100 മീറ്ററില്‍ കേരളം സ്വര്‍ണം നേടിയിരുന്നു. ഫോട്ടോഫിനിഷില്‍ തമിഴ്‌നാടിനെ പിന്തള്ളിയാണ് കേരളത്തിന്റെ സ്വര്‍ണനേട്ടം. ഫെന്‍സിങ്ങില്‍ നിന്ന് കേരളം നേടുന്ന രണ്ടാം മെഡല്‍ കൂടിയാണിത്.

പുരുഷ വിഭാഗം 4 ഗുണം 100 മീറ്റര്‍ റിലേയില്‍ കേരളം വെള്ളിയും നേടി. ഈ ഇനത്തില്‍ തമിഴ്‌നാടിനാണ് സ്വര്‍ണം. സര്‍വീസസ് മൂന്നാം സ്ഥാനം നേടി. വനിതകളുടെ 59 കിലോ ഭാരോദ്വഹനത്തില്‍ മണിപ്പൂരിന്റെ ബിന്ദ്യാറാണി ദേവി സ്വര്‍ണം നേടി. അസമിന്റെ പോപി സഹാരികയ്ക്കാണ് വെള്ളി. 

ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ കേരളം രണ്ടു സ്വര്‍ണം നേടിയിരുന്നു. ലോക ജൂനിയര്‍ ചാമ്പ്യനായ അഭിജിത്ത് രാജനും ദേശീയ ചാമ്പ്യന്‍ വിദ്യ ദാസുമാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ അരുണ്‍ എ ബി വെള്ളി മെഡല്‍ നേടി.