കോട്ടയം: ആലപ്പുഴയില്‍ നിന്നും കാണാതായ ആര്യാട് സ്വദേശിയായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം വീടിനുള്ളില്‍ നിന്ന് കണ്ടെത്തി. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള സുഹൃത്തിന്റെ വീടിന്റെ തറ തുരന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പിന്നിലെ പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തറ പൊളിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കാണാതായ ബിന്ദുകുമാറിന്റേതാണോ എന്ന് ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ പൊലീസ് നടത്തും.
ആര്യാട് സ്വദേശിയായ ബിന്ദുകുമാറിനെ കഴിഞ്ഞമാസം 26 മുതലാണ് കാണാതായത്. ഇക്കാര്യം വ്യക്തമാക്കി ബിന്ദു കുമാറിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കൊലപാതകം നടന്നതായി പൊലീസിന് സൂചന കിട്ടുന്നത്. ബിന്ദുകുമാറിന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ മുത്തുകുമാറിന്റെ വീടിനുള്ളില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. മുത്തുകുമാര്‍ യുവാവിനെ കൊലപ്പെടുത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. കാണാതായ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം തൃക്കൊടിത്താനത്തെ തോട്ടില്‍ നിന്നും ലഭിച്ചതും കേസില്‍ നിര്‍ണായകമായി. മൃതദേഹം ബിന്ദുകുമാറിന്റേതാണോ എന്നതിന് ഡിഎന്‍എ പരിശോധന അടക്കം ശാസ്ത്രീയ പരിശോധനകള്‍ പൊലീസ് നടത്തും.
യുവാവിനെ കാണാതാകുന്നതു മുതലുള്ള ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍, ഇരുവരും ഒരുമിച്ചുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. വീട്ടിലുണ്ടായിരുന്നവരെ അവിടെ നിന്നും മാറ്റിയതും, പിന്നീട് മുത്തുകുമാറിനെ ഫോണില്‍ ലഭ്യമാകാതിരുന്നതുമാണ് പൊലീസിന് സംശയം വര്‍ധിപ്പിച്ചത്.