യുഎഇയിലെ പുതിയ വിസ ചട്ടം ഒക്ടോബര്‍ 3 മുതല്‍

 

യുഎഇയിലെ പുതിയ വിസ ചട്ടം ഒക്ടോബര്‍ 3 മുതല്‍ പ്രാബല്യത്തില്‍. കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഉള്‍പ്പെടെയാണ് തിങ്കളാഴ്ച നിലവില്‍ വരിക. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. പുതിയ വിസ നിയമപ്രകാരം ഗോള്‍ഡന്‍ വിസയുടെ നടപടികള്‍ ലഘൂകരിക്കുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികള്‍ക്കായി വിവിധ തരത്തിലുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്. 

വിദേശികള്‍ക്ക് ഒറ്റയ്ക്കോ കുടുംബങ്ങള്‍ക്കൊപ്പമോ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയും. പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിള്‍ – മള്‍ട്ടി എന്‍ട്രി വിസകളും സമാന കാലവയളവിലേക്ക് പുതുക്കാം. കാലാവധി ചുരുങ്ങിയത് 60 ദിവസം വരെയാക്കി. നേരത്തെ ഇത് 30 ദിവസമായിരുന്നു.

ഗോള്‍ഡന്‍ വിസ പ്രോപ്പര്‍ട്ടി നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, സംരംഭകര്‍, കലാകാരന്മാര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തേക്ക് ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുന്നു. ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്ക് അവരുടെ പ്രായം കണക്കിലെടുക്കാതെ കുടുംബങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയും. യുഎഇക്ക് പുറത്ത് തങ്ങാനുള്ള പരമാവധി കാലയളവിനും നിയന്ത്രണമില്ല.

 സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ വിദഗ്ധരായ പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം രാജ്യത്ത് തുടരാന്‍ ഗ്രീന്‍ വിസ അനുവദിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ തൊഴില്‍ തലത്തില്‍പെട്ടവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ഒരു ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമോ ആയിരിക്കണം. ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറവായിരിക്കരുത്.

അഞ്ച് വര്‍ഷത്തെ കാലാവധിയാണ് റിട്ടയര്‍മെന്റ് വിസ നല്‍കുന്നത്. 55 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കാണ് വിസ നല്‍കുന്നത്. കുറഞ്ഞത് 2 ദശലക്ഷം ദിര്‍ഹം സ്വത്ത് നിക്ഷേപം. ഒരു ദശലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സാമ്പത്തിക ലാഭം, പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത വരുമാനം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് വിസ പുതുക്കാം.

യുഎഇയിലെ ടൂറിസം സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പതിവ് ടൂറിസ്റ്റ് വിസയ്ക്ക് പുറമേ, അഞ്ച് വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയും അവതരിപ്പിച്ചു. ഈ വിസയ്ക്ക് ഒരു സ്പോണ്‍സര്‍ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ തുടര്‍ച്ചയായി രാജ്യത്ത് തുടരാന്‍ ഇത് വ്യക്തിയെ അനുവദിക്കുന്നു. 

ഒരു വര്‍ഷത്തില്‍ മുഴുവന്‍ താമസ കാലയളവ് 180 ദിവസത്തില്‍ കവിയുന്നില്ലെങ്കില്‍ സമാനമായ കാലയളവിലേക്ക് ഇത് നീട്ടാം. ഈ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പുള്ള ആറ് മാസങ്ങളില്‍ 4,000 അല്ലെങ്കില്‍ വിദേശ കറന്‍സികളില്‍ അതിന് തുല്യമായ ബാങ്ക് ബാലന്‍സ് ഉണ്ടെന്നതിന്റെ തെളിവ് ആവശ്യമാണ്.