കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 19 പേര് കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന് പടിഞ്ഞാറുള്ള ദസ്തെ എ ബര്‍ചിയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ചാവേറാക്രമണമുണ്ടായത്. വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ നടക്കുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ബോംബാക്രമണം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തെ അഫ്ഗാന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ നാഫി താക്കൂര്‍ അപലപിച്ചു. സാധാരണക്കാരനെ ലക്ഷ്യമിട്ടുള്ള ആക്രമണം ശത്രുവിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാർമികതയുടെ അഭാവവും തെളിയിക്കുന്നു. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.