തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റർ സീൽ ചെയ്തത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീൽ ചെയ്തു.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനു പിന്നാലെ പി എഫ്ഐ ഓഫീസുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ജില്ലയിലെ പ്രധാന പിഎഫ് ഐ ഓഫീസായ മലബാർ ഹൗസിൽ പൊലീസ് നോട്ടിസ് പതിച്ചു. താനൂർ ഡിവൈ എസ്പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിവരശേഖരം നടത്തിയതിനു ശേഷം കളക്ടർക്ക് റിപ്പോർട്ട് കൈമാറും.
ഇതിനിടെ വയനാട്ടിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളും സീൽ ചെയ്തു. മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസും മേപ്പാടി റിപ്പണിലെ ഓഫീസുമാണ് സീൽ ചെയ്തത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയത്.
കാസർഗോഡ് പടന്നയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസും പൊലീസ് സീൽ ചെയ്തു. തീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിക്കുന്ന ഓഫീസാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സീൽ ചെയ്തത്. ഇതോടെ ജില്ലയിൽ പട്ടികയിലുള്ള രണ്ട് ഓഫീസുകളും സീൽ ചെയ്തു.
കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സീൽ ചെയ്യൽ നടപടിക്ക് എൻഐഎ സംഘമെത്തിയത്. റവന്യൂ അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻഐഎ സംഘം കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകളുൾപ്പെടെ എൻഎഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് ചക്കുംകടവിലുളള ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ – പൊലീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ച് സീൽ ചെയ്തു. ഓഫീസുകൾ കണ്ടുകെട്ടൽ നടപടിക്ക് കോഴിക്കോടാണ് തുടക്കമിട്ടത്.