മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുകയാണെന്ന് അറിയിച്ച് ആലിയഭട്ട് . നിറവയര്‍ ഉള്ള സ്ത്രീകള്‍ക്ക് ഫാഷണബിളായി വസ്ത്രം ധരിക്കാനുള്ള അവസരം ഒരുക്കാനാണ് താരത്തിന്റെ ഈ ചുവടുവയ്പ്പ്. സ്വന്തം ഗര്‍ഭകാലത്ത് തന്നെയാണ് ഇത്തരമൊരു ആശയം ഉണ്ടായതെന്നും ആലിയ പങ്കുവച്ചു.
“കുറച്ചുമാസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രൂപം എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ടുതന്നെ ധരിക്കാന്‍ ശരിയായ എന്തെങ്കിലും ലഭിച്ചില്ലെങ്കില്‍ അത് വളരെയധികം പിരിമുറുക്കം ഉണ്ടാക്കും”, ഗര്‍ഭകാലത്ത് തനിക്ക് സ്റ്റൈലില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നെന്ന് പറഞ്ഞാണ് ആലിയ മെറ്റേണിറ്റി വെയര്‍ തുടങ്ങാനുള്ള കാരണം പറഞ്ഞത്. ‘രണ്ടു വര്‍ഷം മുമ്പ്, ഞാന്‍ കുട്ടികളുടെ ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങി. അന്ന് എല്ലാവരും എന്നോട് ചോദിച്ചു എനിക്ക് കുട്ടികളില്ലല്ലോ പിന്നെ എന്താ ഇങ്ങനൊരു ബ്രാന്‍ഡ് എന്ന്. ഇപ്പോള്‍ ഞാന്‍ മെറ്റേണിറ്റി വെയര്‍ അവതരിപ്പിക്കുകയാണ്. എനിക്കു തോന്നുന്നു ഇത്തവണ ആരും കാരണം ചോദിക്കില്ലെന്ന്. പക്ഷെ ഞാന്‍ പറയാം”, എന്ന് കുറിച്ചാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ആലിയ പറഞ്ഞു.
ഗര്‍ഭകാലത്ത് സ്വയം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുകയാണെന്നും ഇഷ്ടപ്പെട്ട ജീന്‍സിന് ഇലാസ്റ്റിക് പിടിപ്പിച്ചും ഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്തുമൊക്കെയാണ് പരീക്ഷണങ്ങള്‍ എന്നും ആലിയ പറഞ്ഞു. തന്റെ എല്ലാ എയര്‍പ്പോര്‍ട്ട് ലുക്കിലും കംഫര്‍ട്ടിനാണ് പ്രാധാന്യം നല്‍കിയത് .2020ലാണ് കുട്ടികള്‍ക്കുള്ള ക്ലോത്തിങ് ബ്രാന്‍ഡ് ആലിയ തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.