കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിട്ടും സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസർക്കാർ തണുപ്പൻ സമീപനം സ്വീകരിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു.
പോപ്പുലർ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെയും അവിഹിത സഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്. നിയമപ്രകാരം മതി നടപടിയെന്നാണ് പിണറായി വിജയൻ പറയുന്നത്. രാജ്യത്തെ നിയമപ്രകാരമാണ് ദേശസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.
പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ റെയിഡ് നടത്താനോ പിടിച്ചെടുക്കാനോ സർക്കാർ തയ്യാറാവുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സിപിഎം അഖിലേന്ത്യാ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടേയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും നിലപാടിനോട് ഇത് ചേർത്ത് വായിക്കേണ്ടതാണ്.
സിപിഎമ്മിന്റെ ഈ നിലപാടിനൊപ്പമാണ് പിണറായി സർക്കാരുമെന്ന് വ്യക്തമായിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് മതഭീകരവാദികളാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ തന്നെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ച്യുതാനന്ദനായിരുന്നു. എന്നാൽ ഇന്ന് പിണറായി വിജയനിലെത്തുമ്പോൾ സിപിഎം പൂർണമായും മതഭീകരവാദികൾക്ക് കീഴടങ്ങിക്കഴിഞ്ഞു.
രാജ്യത്തെ ഭരണഘടന അനുസരിച്ചല്ല സിപിഎം ഫ്രാക്ഷൻ അനുസരിച്ചാണ് സംസ്ഥാന ഭരണകൂടം പ്രവർത്തിക്കുന്നതെന്നതിന്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് പോപ്പുലർ ഫ്രണ്ടിനെതിരായ മൃദു സമീപനമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.