മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്നാട്ടിലെ നാടുകാണിയിലേക്ക് കടന്നു. കേരള അതിർത്തിയായ വഴിക്കടവിനടുത്തുള്ള മണിമൂളിയിലായിരുന്നു സമാപനം.
വൈകിട്ട് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ യാത്ര നടത്തുന്ന രാഹുൽ നാളെ കർണാടകയിൽ പര്യടനം തുടങ്ങും. രാവിലെ ചുങ്കത്തറ നിന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിലെ അവസാന ദിവസം തുടങ്ങിയത്. പുലർച്ചെ തന്നെ ആയിരങ്ങൾ അണിചേർന്നു. ജാഥ 425 കിലോമീറ്ററാണ് കേരളത്തിലൂടെ സഞ്ചരിച്ചത്.
കെ.പി. സി. സി അധ്യക്ഷൻ കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ രാഹുലിന് ഒപ്പം ഉണ്ടായിരുന്നു. എടക്കരയിൽ നിന്നും അന്തരിച്ച മുൻ മലപ്പുറം ഡി സി സി പ്രസിഡൻ്റ് വി വി പ്രകാശിൻ്റെ കുടുംബം യാത്രയുടെ ഭാഗമായി. വി വി പ്രകാശിൻ്റെ മക്കളെ രാഹുൽ ചേർത്ത് നിർത്തി. 9 കിലോമീറ്റർ പിന്നിട്ട് വഴിക്കടവ് മണിമൂളി ആണ് യാത്ര സമാപിച്ചത്.
നാടുകാണി മുതൽ ഗൂഡല്ലൂർ വരെയുള്ള യാത്ര പൂർത്തിയാക്കിയ ശേഷം നാളെ മുതൽ കർണാടകയിലേക്ക് കടക്കും. കന്യാകുമാരി മുതൽ കാശ്മീർ വരെ 3571 കിലോമീറ്ററാണ് രാഹുൽ ഗാന്ധി യാത്ര ചെയ്യുന്നത്. ആറു മാസംകൊണ്ടാണ് പദയാത്ര പൂർത്തിയാവുക. യാത്രയ്ക്കിടെ തന്നെ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പും നടക്കും.