ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയാകും. തിരുവനന്തപുരം എംപി കൂടിയായ ശശി തരൂരും മത്സര രംഗത്തുണ്ട്. ഇരുവരും നാളെ പത്രിക സമർപ്പിക്കും.
ഗാന്ധി കുടുംബത്തോട് അടുത്തു നിൽക്കുന്ന രാജസ്ഥൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സ്ഥാനാർഥിയാക്കാനായിരുന്നു തീരുമാനം. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ തന്നെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കാൻ ഗെലോട്ട് സാധ്യത തേടി. ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനം ഉള്ളതിനാൽ ഇതു സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഗെലോട്ട് തയറായി. പകരം സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹൈക്കമാൻഡ് തീരുമാനം.
എന്നാൽ, രാജസ്ഥാനിലെ ഭൂരിഭാഗം എംഎൽഎമാരും അശോക് ഗെലോട്ട് രാജിവയ്ക്കുന്നതിനെയും സച്ചിൻ മുഖ്യമന്ത്രിയാകുന്നതിനെയും എതിർത്തു. രാജി ഭീഷണി മുഴക്കി നിരവധി എംഎൽഎമാർ രംഗത്തെത്തിയതോടെ ഹൈക്കമാൻഡ് അശോക് ഗെലോട്ടിനെ മത്സരിപ്പിക്കുന്നതിൽ നിന്നും മാറ്റിനിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിലാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ്ങിനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
അതേസമയം, ശശി തരൂർ എം.പി ദിഗ് വിജയ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സഹപ്രവർത്തകരായ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ശശി തരൂർ ട്വീറ്റ് ചെയ്തു. മത്സരത്തിൽ ആര് ജയിച്ചാലും കോൺഗ്രസിന്റെ ജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
9000 പ്രതിനിധികൾക്കാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ഇവരുടെ പൂർണവിവരങ്ങൾ പുറത്തുവിടാൻ സെൻട്രൽ ഇലക്ഷൻ അതോറിറ്റി തയ്യാറാവത്തതിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. തെരഞ്ഞെടുപ്പ് അതോറിറ്റി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പ്രതിനിധികളുടെ പേരുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവരുടെ അഡ്രസോ, ഫോട്ടോയോ ലഭ്യമില്ല. ഇത് തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുമെന്ന് വിമർശനമുണ്ട്. അഡ്രസോ ഫോൺ നമ്പറോ ലഭിക്കാതെ എങ്ങനെയാണ് സ്ഥാനാർഥികൾ വോട്ടർമാരെ ബന്ധപ്പെടുകയെന്നും ഇത്തരത്തിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് വെറും പ്രഹസനമാണെന്നും ഗുജറാത്തിൽനിന്നുള്ള ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
ഗാന്ധി കുടുംബത്തിന്റെ ആശീർവാദത്തോടെ എതിർസ്ഥാനാർഥി വരുമെന്ന് ഉറപ്പായിട്ടും തികഞ്ഞ ആത്മവിശ്വാസത്തിലാണ് തരൂർ. ”ഞാൻ ഒറ്റക്ക് ലക്ഷ്യത്തിലേക്ക് നടന്നു തുടങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു. ഒരാൾക്കൂട്ടമായി മാറി”- കഴിഞ്ഞ ദിവസം തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ച ഉറുദു കവി മജ്റൂഹ് സുൽത്താൻപുരിയുടെ വാക്കുകളാണിത്. പാർട്ടിയിൽനിന്ന് തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു ഈ വരികൾ. രണ്ടുദിവസം മുമ്പ് ഭാരത് ജോഡോ യാത്രക്കിടെ പാലക്കാട്ടെത്തി അദ്ദേഹം രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. നേരത്തെ സോണിയാ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികളില്ലെന്നും ആർക്കും മത്സരിക്കാമെന്നാണ് സോണിയയും രാഹുലും തന്നോട് പറഞ്ഞതെന്നുമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.