പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിൽ അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹർത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ച് ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയ്ക്കുള്ളിൽ തുക കെട്ടി വച്ചില്ലെങ്കിൽ സംഘടനയുടെ സ്വത്തുക്കൾക്കും സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികളുടെ സ്വത്തുക്കൾക്കും എതിരെ ആഭ്യന്തര വകുപ്പ് റവന്യൂ റിക്കവറി നടപടിയെടുക്കണം. ഈ തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും അക്രമത്തിൽ നാശമനഷ്ടമുണ്ടായവരുടെ ക്ലെയിം തീർപ്പാക്കാൻ ഉപയോഗിക്കുകയും ചെയ്യണം.