മുംബൈ; ‘എക്സ്എക്സ്എക്സ് എന്ന വെബ് സിരീസിലൂടെ സൈനികരെ അധിക്ഷേപിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്‌തുവെന്ന കുറ്റത്തിനു ബോളിവുഡ് നിർമാതാവും സംവിധായകയുമായ ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറണ്ട്. . മുൻ സൈനികനും ബെഗുസരായി സ്വദേശിയുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏക്ത കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ ബിഹാറിലെ ബെഗുസാരായി കോടതി ബുധനാഴ്ച അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്.
എക്സ്എക്സ്എക്സ് വെബ് സീരീസിന്റെ രണ്ടാം സീസണിൽ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. 2020ലാണ് ശംഭുകുമാർ പരാതി നൽകിയത്. ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിലാണ് സീരീസ് സംപ്രേഷണം ചെയ്തത്.
ഏക്തയുടെ അമ്മയ്ക്കും ബാലാജി ടെലിഫിലിംസിൽ ബന്ധമുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി ഇരുവർക്കും സമൻസ് അയച്ചിരുന്നു. സീരീസിലെ ചില രംഗങ്ങൾ നീക്കം ചെയ്തെന്ന് ഇരുവരും കോടതിയെ അറിയിച്ചു. എന്നാൽ കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
















