നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി അതിജീവത. കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനോട് വിചാരണക്കോടതി ജഡ്ജി മുന്‍വിധിയോടെ പെരുമാറുന്നതായും നടി ആരോപിക്കുന്നു.
പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ട്. പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമായതായി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ അതിജീവിത ആരോപിച്ചിക്കുന്നു. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ വോയിസ് ക്ലിപ് ആണ് പൊലീസിന് ലഭിച്ചത്.
വ്യക്തിപരമായ മുന്‍വിധിയോടെയാണ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന് അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും നടി ആരോപിക്കുന്നു. കേസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമ പ്രശ്നങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.