തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 106, ഇന്ത്യ: 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 110. ഇന്ത്യക്ക് വേണ്ടി കെ.എൽ. രാഹുലും (51 നോട്ടൗട്ട്) സൂര്യകുമാർ യാദവും (50 നോട്ടൗട്ട്) അർധസെഞ്ച്വറി നേടി. ക്യാപ്റ്റൻ രോഹിത് ശർമ റണ്ണൊന്നുമെടുക്കാതെയും വിരാട് കോഹ്ലി മൂന്ന് റൺസെടുത്തും പുറത്തായി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ മുൻനിര തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. തുടക്കത്തിലെ തകർച്ചയിൽനിന്ന് കരകയറിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് 107 റൺസിന്റെ വിജയലക്ഷ്യം കുറിച്ചത്. 35 പന്തിൽ 41റൺസെടുത്ത കേശവ് മഹാരാജിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്. ഒമ്പത് റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക. ഇതിൽനിന്നാണ് എട്ടിന് 106 എന്ന നിലയിലെത്തിയത്.
ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്നും ദീപക് ചാഹർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വീതവും അക്സർ പട്ടേൽ ഒന്നും വിക്കറ്റെടുത്തു. ഓപണർ ക്വിന്റൺ ഡി കോക്ക് ഒരു റൺസെടുത്ത് മടങ്ങിയപ്പോൾ ടെംബ ബാവുമ, റിലി റോസ്സു, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്ബ്സ് എന്നിവർ പൂജ്യത്തിന് പുറത്താവുകയായിരുന്നു. തന്റെ ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് സിങ് മൂന്നുപേരെ പുറത്താക്കി. ഡികോക്കിന്റെയും ഡേവിഡ് മില്ലറുടെയും കുറ്റിയെടുത്ത പേസർ, റിലി റോസ്സുവിനെ വിക്കറ്റ് കീപ്പർ ഋഷബ് പന്തിന്റെ കൈയിലെത്തിച്ചു.