പട്ന: പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നനു മുമ്പേ ആർഎസ്എസ് നിരോധിക്കണമായിരുന്നെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ആർഎസ്എസ് ഹിന്ദു വർഗീയ സംഘടനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ലാലു പ്രസാദ് യാദവ്.
“അവർ (ബിജെപി) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു വർഗീയത ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് ആണ് ആദ്യം നിരോധിക്കപ്പെടാൻ യോഗ്യതയുള്ള സംഘടന.”- ലാലുപ്രസാദ് യാദവ് പറഞ്ഞു.
ലാലുപ്രസാദ് യാദവിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയവും കപടമതേതരത്വവുമാണെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച് തന്റെ മുസ്ലീം പിന്തുണാ അടിത്തറ ഉറപ്പിക്കുകയാണ് ലാലു പ്രസാദ് ലക്ഷ്യമിടുന്നതെന്ന് ബിജെപി പ്രതികരിച്ചു. ആർഎസ്എസിനോടും അതിന്റെ സാംസ്കാരിക ദേശീയതയോടും അദ്ദേഹത്തിന് ശത്രുതയുണ്ട് എന്നും ബീഹാർ ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രസ്താവനയിൽ ആരോപിച്ചിരുന്നു. ഇതിനാണ് ലാലുവിന്റെ ശക്തമായ ഭാഷയിലുള്ള പ്രതികരണം പുറത്തുവന്നത്.
അതേസമയം, ചില വ്യക്തികളുടെ പ്രവർത്തിയുടെ പേരിൽ സംഘടനയെ നിരോധിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര സർക്കാരിന്റേത് ക്രൂരമായ നടപടിയാണെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ഇന്ന് പ്രതികരിച്ചു. പ്രതികരിക്കാൻ ആഗ്രഹിക്കുന്ന മുസ്ലീങ്ങളെ നിശബ്ദരാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഒവൈസി കുറ്റപ്പെടുത്തി.