കൊച്ചി: ടൂറിസം ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് പുത്തന്‍ ആശയം അവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ സേവനങ്ങൾക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവർക്ക് ഇനി ഹൗസ് ബോട്ട് സേവനവും ലഭ്യമാകും. ലോകത്താദ്യമായാണ് മെഡിക്കൽ ടൂറിസ്റ്റുകൾക്കായി ഹൗസ് ബോട്ടിൽ ചികിത്സയൊരുക്കുന്നത്.
മെഡിക്കൽ സേവനങ്ങൾക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവർക്കായാണ് ഹൗസ് ബോട്ട് യാത്ര. ചികിത്സയ്ക്കായി വിദേശത്തുനിന്ന് എത്തുന്നവർക്ക് ഒരു പുത്തൻ അനുഭവം നൽകുക എന്നതാണ് ഹൗസ് ബോട്ട് യാത്രയുടെ ലക്ഷ്യം.
ചെക്കപ്പുകൾക്കായി രാവിലെ എത്തുന്നവർക്ക് ഹൗസ് ബോട്ടിൽ നിന്നാണ് പ്രഭാത ഭക്ഷണം. എല്ലാ ചെക്കപ്പുകൾക്കും ശേഷം തിരിച്ചെത്തുമ്പോൾ ഹൗസ് ബോട്ടിലുള്ള സായാഹ്ന യാത്രയും ആസ്റ്റർ മെഡ്സിറ്റി ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ ടൂറിസം രംഗത്ത് ഒരു പുതിയ ചുവടുവെയ്പ് എന്ന രീതിയിൽ വിദേശത്തു നിന്ന് ചികിത്സയ്ക്കായി എത്തുന്നവർക്ക് നമ്മുടെ നാടിനെ കൂടുതൽ അടുത്തറിയാൻ ഹൗസ് ബോട്ട് യാത്ര സഹായിക്കുമെന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന നാടാണ് കേരളം. റീതിങ്ക് ട്യൂറിസം എന്ന ആശയത്തെ ഉൾക്കൊണ്ടാണ് പുതിയ പദ്ധതി. കേരളത്തിലെ മെഡിക്കൽ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ ആസ്റ്റർ ഹോസ്പിറ്റലുകൾ തുടർന്നും നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അസർബൈജാൻ അംബാസഡർ ഡോ അഷ്റഫ് ശിഖാലിയേവ് ഹൗസ്ബോട്ട് ഉദ്ഘാടനം ചെയ്തു.
ആസ്റ്റർ ഹോസ്പിറ്റൽസ് കേരള-ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ക്ലസ്റ്റർ സർവ്വീസ് എക്സലൻസ് ഹെഡ് വൈശാഖ് സീതാറാം, ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി നായര്‍, സീനിയർ ഡോക്ടർമാരായ ഡോ.നാരായണൻ ഉണ്ണി, ഡോ ജെം കളത്തിൽ വിദേശ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.