ഈ മനുഷ്യൻ ഒരു വിസ്മയമായി മാറുകയാണ് സമകാലിക ഇന്ത്യയിൽ.
ഓരോ മനുഷ്യരെയും ഹൃദയത്തോട് ചേർത്തു പിടിച്ചു, ഇന്ത്യ എന്ന വികാരത്തെ ഹൃദയത്തിലേറ്റി, നഷ്ടപ്പെട്ട് പോകുന്ന അതിന്റെ ചൈതന്യത്തെ തിരിച്ചു പിടിക്കാൻ ഇന്ത്യയുടെ ഹൃദയത്തിലേക്ക് രാഹുൽ ഗാന്ധി എന്ന മനുഷ്യൻ നടക്കുകയാണ്. ഋഷി തുല്യമായ ഒരാത്മീയ പ്രവർത്തനം പോലെ..
പ്രതീക്ഷകൾ അസ്തമിക്കുന്ന ഈ ഇരുണ്ട കാലത്ത്, അസത്യങ്ങളും അർദ്ധ സത്യങ്ങളും അട്ടഹാസങ്ങളും രാഷ്ട്രീയ അധികാരത്തിലേക്കുള്ള വഴികളാകുന്നതിന് നാം സാക്ഷികളാകുന്നു. ഇവിടെ വിട്ടു കൊടുത്തും ത്യജിച്ചും നഷ്ടപ്പെടുത്തിയും രാജ്യത്തെ സേവിച്ച യഥാർത്ഥ രാജ്യ സ്നേഹികളുടെ പിന്മുറക്കാരൻ ഈ ഇരുണ്ട ദിശകളിലെ കഠിനമായ വഴികൾ താണ്ടി വെളിച്ചം കൊണ്ടുവരാൻ കിണഞ്ഞ് ശ്രമിക്കുന്നു. നനഞ്ഞ കണ്ണുകളോടെയല്ലാതെ, പ്രാർത്ഥനാ നിർഭരമായ മനസ്സോടെയല്ലാതെ നമുക്കീ യാത്രയെ കണ്ടു നിൽക്കാനാവില്ല.
വിജയത്തിനായി കരുക്കൾ നീക്കുക, വിജയിക്കുക എന്നത് മാത്രം പുതിയ രാഷ്ട്രീയ ലക്ഷ്യങ്ങളായി മാറിയ അഭിനവ കാലത്ത് ആ സമവാക്യങ്ങളെ നന്മ കൊണ്ടും സത്യം കൊണ്ടും മറി കടക്കാൻ ഈ മനുഷ്യന് സാധിക്കുമോ എന്നതാണ് വർത്തമാന ഇന്ത്യൻ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.
നീഷേ പ്രവർത്തിക്കാൻ വേണ്ടി നടന്നിരുന്നു.ഇമ്മാനുവൽ കാന്റ് മോചനത്തിന് വേണ്ടിയും.’ഫിലോസഫേഴ്സ് വോക്’എന്ന് ഇമ്മാനുവൽ കാന്റിന്റെ നടത്തം പിന്നീട് പ്രശസ്തമായി. ദാർശനികമായ ഇത്തരം അനേകം തലങ്ങൾ രാഹുൽ ഗാന്ധിയുടെ നടത്തത്തിലും ഉൾകാഴ്ചയുള്ള മനുഷ്യർക്ക് കാണാനാവുന്നു.
പുതിയ കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മോചനത്തിന്റെയും അതിനായുള്ള പ്രവർത്തനത്തിന്റെയും പ്രതിരൂപമായി, സാത്വികഭാവത്തോടെ, അനേകം മനുഷ്യരുടെ ഹൃദയ വികാരവും നെഞ്ചേറ്റി, അവരുടെ പ്രതീക്ഷയായി, കഠിനമായ വഴികൾ താണ്ടി ആ മനുഷ്യൻ നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യ എന്ന വികാരം ഹൃദയത്തിലേറ്റിയ ഓരോ മനുഷ്യരുടെയും നഷ്ട സ്വപ്നങ്ങളെ വീണ്ടെടുക്കാൻ വേണ്ടി..
പ്രാർത്ഥനകളോടെ വിജയാശംസകൾ