വയനാട്: മാനന്തവാടിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. പിഎഫ്ഐ നേതാവ് സലീമിന്റെ ടയർ കടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്.
കടയിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സലീമിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് വയനാട് ജില്ലയിൽ പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. പി എഫ്ഐ നേതാക്കളിൽ 89 പേരെ കഴിഞ്ഞ ദിവസം മാനന്തവാടി ഓഫീസിലേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ടുകൊണ്ട് റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തി. പാലക്കാട്, വയനാട് ജില്ലകളിലെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.
വയനാട്ടിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടന്നു. പാലക്കാട്ടെ വിവിധ ഓഫീസുകളിൽ പോലീസ് പരിശോധന തുടരുകയാണ്.
വയനാട്ടിൽ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്. പാലക്കാട് ജില്ലയിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന.
കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് വിംഗ് ആയി തിരിഞ്ഞാണ് പരിശോധന. പിഎഫ്ഐക്ക് ഒപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകൾ സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലും റൈഡ് തുടരും.