സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിന് ഇന്ന് തുടക്കം. മൂന്ന് ഭരണഘടനാ ബെഞ്ചുകളുടെ നടപടികള്‍ webcast.gov.in/scindia/. എന്നതില്‍ തത്സമയം കാണാം. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്) ക്വാട്ട കേസാണ് ഇന്ന് പരിഗണിക്കുന്നത്. 103-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യുന്നതാണ് ഈ കേസ്.
ശിവസേനയിലെ ഭിന്നത സംബന്ധിച്ച ഹര്‍ജിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ വാദം കേള്‍ക്കുന്നത്. അഖിലേന്ത്യാ ബാര്‍ പരീക്ഷയുടെ സാധുത സംബന്ധിച്ച വാദം ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ മൂന്നാമത്തെ ബെഞ്ച് കേള്‍ക്കും.സാധാരണ നടപടിക്രമം അനുസരിച്ച് തത്സമയ സ്ട്രീമിംഗ് 30 സെക്കന്‍ഡ് താമസമുണ്ടാകും
കൃത്യം നാല് വര്‍ഷം മുമ്പ്, സെപ്റ്റംബര്‍ 27, 2018 നാണ്, ഭരണഘടനാ പ്രാധാന്യമുള്ള കാര്യങ്ങളിലെ സുപ്രധാന നടപടികളുടെ തത്സമയ സംപ്രേക്ഷണം നടത്തുന്നത് സംബന്ധിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പുറപ്പെടുവിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 20 ന് സിജെഐ യു യു ലളിതിന്റെ അധ്യക്ഷതയില്‍ ഒരു ഫുള്‍ കോര്‍ട്ട് മീറ്റിങ് ചേര്‍ന്നു. സെപ്റ്റംബര്‍ 27 മുതല്‍ എല്ലാ ഭരണഘടനാ ബെഞ്ച് നടപടികളും തത്സമയം സംപ്രേഷണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.