വനിതാ അധ്യാപികമാര്‍ക്ക് മാത്രം കോട്ട് നിര്ബന്ധമാക്കിയതിന്റെയും മറ്റ് അനീതികള്‍ക്കെതിരേയും പ്രതിഷേധിച്ച് പത്തനംതിട്ട സ്കൂളില്‍ നിന്ന് രാജിവെച്ച അധ്യാപികയെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കല്‍. വരും തലമുറ അര്‍ഹിക്കുന്ന അധ്യാപികയാണ് റാണി ടീച്ചറെന്നും വിദ്യാലയങ്ങളില്‍ നടക്കുന്ന വേര്‍തിരിവുകള്‍ക്കും വിലക്കുകള്‍ക്കും എതിരെ സംസാരിച്ചതിന് അവരോട് നന്ദി പ്രകടിപ്പിക്കുന്നെന്നും റിമ അറിയിച്ചു.
ഇത്ര പുരോഗമനപരമായും ദീര്‍ഘദര്‍ശിയായും ചിന്തിക്കുന്ന അധ്യാപകരെയാണ് സമൂഹത്തിനാവശ്യം. സ്കൂളിലാണ് നമ്മുടെ ആദ്യ കാലഘട്ടം ചിലവഴിക്കുന്നത്. അതിനാല്‍ തന്നെ പുരോഗമന ചിന്താഗതിയുള്ള, നവീനമായി ചിന്തിക്കുന്ന തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കുന്ന അധ്യാപകരെയാണ് സമൂഹത്തിനാവശ്യമെന്നും റിമ പറഞ്ഞു.
വനിതാ അധ്യാപകര്‍ക്ക് കോട്ട്, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിൽ മിണ്ടാന്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഗോവണി, ഇടനാഴി തുടങ്ങിയ വിവേചനങ്ങളില്‍ പ്രതിഷേധിച്ചാണ് പത്തനംതിട്ട സ്കൂളില്‍ നിന്ന് അധ്യാപികയായ റാണി രാജിവെക്കുന്നത്.