കാട്ടാക്കട: എസ്ഡിപിഐയെ നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നിരോധനം കൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാകില്ല. നിരോധനത്തിന്റെ അനന്തരഫലമായി വർഗീയത കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയത ആളിക്കത്തിക്കേണ്ടത് ആർഎസ്എസിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയിൽ സിഐടിയു ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയ്ക്ക് എതിരായും ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയ്ക്ക് എതിരായും പറയുന്നു. രണ്ടു വിഭാഗവും ആക്രമിക്കുന്നത് കേരള സർക്കാരിനെയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര് അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. 215 പേരെ. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകള്‍. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഇന്നും പൊലീസ് റെയ്ഡ് തുടരുകയാണ്. ഇന്നലെ തുറക്കാതിരുന്ന സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. മട്ടന്നൂർ, പാലോട്ടുപള്ളി, ചാവശ്ശേരി ഭാഗങ്ങളിലെ സ്ഥാപനങ്ങളിലായിരുന്നു ഇന്നത്തെ പരിശോധന. വെളളിയാഴ്ച്ചത്തെ ഹർത്താലിൽ അക്രമം ആസൂത്രണം ചെയ്തവരെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ജില്ലയിലെ പത്തിടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ കംപ്യൂട്ടറുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ ആക്രമണ സംഭവങ്ങളുടെ ഗൂഡാലോചന തെളിയിക്കാമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, എന്‍ഐഎ അറസ്റ്റ് ചെയ്ത പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി.