ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറച്ച് ശശി തരൂര്‍ എം പി. രാഹുൽ ഗാന്ധിയുമായി രാവിലെ സംസാരിച്ചത് പുറത്ത് പറയാനാവില്ല. മത്സരിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ആർക്കും മത്സരിക്കാമെന്ന ഗാന്ധി കുടുംബത്തിന്റെ നിലപാട് സന്തോഷം പകരുന്നതാണ്. മുതിർന്ന നേതാക്കളുടെയടക്കം പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജസ്ഥാനിലെ പ്രശ്നം എ.ഐ.സി.സി ഇടപെട്ട് പരിഹരിക്കും. പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിൽ കോൺഗ്രസ് ഭരണം തുടരുമെന്നും പ്രശ്നങ്ങൾ എഐസിസി പരിഹരിക്കുമെന്നും ശശി തരൂർ അറിയിച്ചു.
അതേസമയം, കമൽ നാഥ് സോണിയ ഗാന്ധി കൂടിക്കാഴ്ച പൂർത്തിയായി. കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ താല്പര്യമില്ലെന്നാണ് കമൽ നാഥ് നേരത്തേ അറിയിച്ചിരുന്നത്. നവരാത്രി ആശംസകൾ അറിയിക്കാനാണ് ഡൽഹിയിൽ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഓരോ എംഎൽഎമാരോടും സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടതെന്ന് അജയ് മാക്കൻ പറഞ്ഞു. അശോക് ഗെഹ്ലോട്ടിനോട് ഒപ്പമുള്ളവർ രണ്ടുവർഷംമുമ്പ് തന്നെ അദ്ദേഹത്തിന് ഒപ്പം ഉള്ളവരാണ്.
നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്ന പതിവ് കോൺഗ്രസിൽ ഇല്ലെന്നും ഇന്ന് രാത്രിയോ നാളെ രാവിലെയോ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.