ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രാജസ്ഥാൻ മുഖ്യമന്ത്രി പദവി സംബന്ധിച്ചും ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങള്‍. രാജസ്ഥാനിൽ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ നിരീക്ഷകരായ മല്ലികാർജുൻ ഖർഗെയും അജയ് മാക്കനും ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഇവർക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു.
രാജസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഇവർ സോണിയ ഗാന്ധിക്കു കൈമാറി. ഗെലോട്ടിന്റെ തിരക്കഥയായിരുന്നു കഴിഞ്ഞ രാത്രി ജയ്പൂരില്‍ അരങ്ങേറിയതെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അജയ് മാക്കനും സോണിയ ഗാന്ധിയെ ധരിപ്പിച്ചത്. ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെയടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടി.
ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്ക് പുറമെ എഐസിസി നിരീക്ഷരും ആവശ്യപ്പെട്ടതായാണ് വിവരം. സമാന്തര യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. രാജസ്ഥാനില്‍ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കന് മാധ്യമങ്ങള്‍ക്ക് മുന്‍പിലും ആവര്‍ത്തിച്ചു.
ഹൈക്കമാന്‍ഡ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഡല്‍ഹിയിലെത്തി. അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാജസ്ഥാൻ പ്രതിസന്ധിയിൽ കമൽനാഥ് മധ്യസ്ഥം വഹിക്കുമെന്നു സൂചനയുണ്ട്. അശോക് ഗെലോട്ടിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയാക്കിയില്ലെങ്കിൽ പകരം കമൽനാഥ് സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുണ്ട്.
മധ്യപ്രദേശില്‍ നിന്ന് തന്നെയുള്ള മറ്റൊരു നേതാവ് ദിഗ്വിജയ് സിങാണ് അധ്യക്ഷ സ്ഥാനത്തേക്ക് ആലോചനയിലുള്ള മറ്റൊരു നേതാവ്. കെ.സി.വേണുഗോപാലും മല്ലികാര്‍ജുന്‍ കാര്ഗെയുമെല്ലാം ഇത്തരത്തില്‍ ചര്‍ച്ചകളിലുള്ള പേരുകളാണെങ്കിലും ഒടുവില്‍ നെഹ്റു കുടുംബത്തിലേക്ക് തന്നെ അധ്യക്ഷ കസേര വന്നുചേരുമെന്ന് കണക്കുകൂട്ടുന്നവരും ഏറെയാണ്.
നിലവില്‍ ശശി തരൂര്‍ മാത്രമാണ് മത്സരിക്കാനുള്ള സന്നദ്ധത പരസ്യമാക്കിയിട്ടുള്ളത്. ഈ മാസം 30-ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 30 ആണ്. മണിക്കൂറുകള്‍ മാത്രമാണ് ഇനി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ളത്. അതിനുള്ളില്‍ പുതിയൊരാളെ കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാകും.