പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കല്ലിന്റെ പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മോന്സണ് ജാമ്യാപേക്ഷ പിന്‍വലിച്ചു.
ഓഫീസ് ജീവനക്കാരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്നാണ് കേസ്.പെണ്‍കുട്ടിയെ ആവര്‍ത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി നോര്‍ത്ത് പൊലീസാണ് മോന്‍സണെതിരെ കേസെടുത്തത്. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് മോന്സണ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2019ല്‍ ആയിരുന്നു സംഭവം. ഈ കേസ് ഉള്‍പ്പെടെ മുന്നു പീഡന കേസുകളാണ് മോന്സണ് എതിരെയുള്ളത്.
നേരത്തെ ഹൈക്കോടതി മോന്സണ് മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു മോണ്‍സന്റെ ആരോപണം.