കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പെടുത്തി ഒരു മാസത്തിന് ശേഷം പുതിയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ പതാകയും പ്രകാശനം ചെയ്തു.
‘പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായിരിക്കും നിലവില്‍ ഞങ്ങളുടെ മുന്‍ഗണന. തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നടക്കാം. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. പുതിയ പാര്‍ട്ടിക്കായി ഉറുദു, സംസ്കൃതം ഭാഷകളിലായി ഏകദേശം 1,500 പേരുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു.ഹിന്ദിയുടെയും ഉറുദുവിന്റെയും മിശ്രിതം ‘ഹിന്ദുസ്ഥാനി’ ആണ്. പേര് ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവുമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു,’ എന്ന് ആസാദ് പറഞ്ഞു.
നീലയും വെള്ളയും മഞ്ഞയും ചേര്‍ന്നതാണ് ആസാദിന്റെ പാര്‍ട്ടി പതാക. തങ്ങളുടെ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലായിരിക്കില്ല. പുതിയ പാര്‍ട്ടിക്ക് സ്വതന്ത്ര ചിന്തയും പ്രത്യയശാസ്ത്രവും ഉണ്ടായിരിക്കും. അത് ഒരു ജനാധിപത്യ പാര്‍ട്ടിയായിരിക്കും. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മറ്റൊരു പാര്‍ട്ടിയുമായും കൂടിയാലോചിച്ചിട്ടില്ലെന്നും തന്റെ പാര്‍ട്ടിക്ക് ഗാന്ധിജിയുടെ പ്രത്യയശാസ്ത്രം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.