കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നു തന്നെ സര്‍വകലാശാല അറിയിക്കണമെന്നഅന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ഇക്കാര്യത്തിൽ ഗവര്‍ണര്‍ വിസിക്ക് കത്തു നല്കി. ഇതു രണ്ടാം തവണയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിസിക്ക് കത്തു നല്‍കുന്നത്.
ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും ഉള്‍പ്പെടുന്ന രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ലെങ്കില്‍ ഈ രണ്ടംഗ കമ്മിറ്റി തുടര്‍നടപടികളുമായി മുന്നോട്ടുപോയേക്കുമെന്നാണ് സൂചന. കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി ഒക്ടോബര്‍ 25ന് അവസാനിക്കുകയാണ്. അതിനുമുമ്പ് സെര്‍ച്ച് കമ്മിറ്റി കൂടി പുതിയ വി സിയെ നിയമിക്കാനാണ് നീക്കം.
കഴിഞ്ഞയാഴ്ച സമാനമായ കത്തു നല്കിയപ്പോള്, സര്‍വകലാശാല സെനറ്റ് പ്രമേയം പാസ്സാക്കിയതായി വി സി മറുപടി നല്‍കിയിരുന്നു. രണ്ടുപേരെ നിയോഗിച്ച് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയല്ലെന്നും, ആ നടപടി പിന്‍വലിക്കണമെന്നും വിസി ആവശ്യപ്പെട്ടു.