ഡോ.ടി.എം തോമസ് ഐസക്
വിലക്കയറ്റം കുറയ്ക്കണമെങ്കിൽ ഡിമാന്റ് താഴ്ത്തണം. അതിനു പലിശ നിരക്ക് ഉയർത്തണം. പലിശ നിരക്ക് ഉയരുമ്പോൾ സംരംഭകർ കടം വാങ്ങി നിക്ഷേപം നടത്തുന്നതു കുറയ്ക്കും. ഉപഭോക്താക്കൾ ഹയർ പർച്ചേയ്സ് വഴിയും മറ്റും കടത്തിൽ സാധനങ്ങൾ വാങ്ങുന്നതു കുറയ്ക്കും. ബാങ്ക് റിസർവ്വ് ബാങ്കിൽ നിന്ന് കടമെടുക്കുന്നതു കുറയ്ക്കും. അങ്ങനെ പണലഭ്യതയും കുറയും. അങ്ങനെയാണ് വിലക്കയറ്റത്തെ പിടിച്ചുകെട്ടുക.
പക്ഷേ, ഡിമാന്റ് ഇടിയുമ്പോൾ സ്റ്റോക്ക് കൂടും. ഉൽപ്പാദന കുറയും. തൊഴിലില്ലായ്മ പെരുകും. ജനങ്ങളുടെ വരുമാനം കുറയും. ഡിമാന്റ് വീണ്ടും ഇടിയും. അങ്ങനെ വില താഴും. പക്ഷേ, തൊഴിലില്ലായ്മ വർദ്ധിക്കും. അങ്ങനെ ജനങ്ങളുടെ ചെലവിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് മുതലാളിമാർ ശ്രമിക്കുക.
മുതലാളിമാർക്ക് വിലക്കയറ്റമാണോ മാന്ദ്യമാണോ കൂടുതൽ അഭികാമ്യം? കച്ചവടക്കാർക്കും വ്യവസായികൾക്കും വിലക്കയറ്റംകൊണ്ട് നഷ്ടമൊന്നും ഉണ്ടാവില്ല. കാരണം അവർ വിൽക്കുന്ന സാധനങ്ങൾക്ക് ഉയർന്ന വില കിട്ടും. അതേസമയം, മാന്ദ്യമാണ് ഉണ്ടാകുന്നതെങ്കിൽ അവരുടെ ചരക്കുകൾ വിൽക്കാൻ കഴിയാതെ നഷ്ടമുണ്ടാകും.
അതേസമയം, ഫിനാൻസ് ക്യാപ്പിറ്റലിന്റെ സമീപനം വ്യത്യസ്തമാണ്. വിലക്കയറ്റം ഉണ്ടാകുമ്പോൾ അവരുടെ ധനശേഖരത്തിന്റെ മൂല്യം ഇടിയും. യഥാർത്ഥ പലിശ നിരക്ക് കുറയും. അതുകൊണ്ട് വിലക്കയറ്റമെന്നു പറഞ്ഞാൽ ഫിനാൻസ് മൂലധനത്തിനു ചതുർത്ഥിയാണ്. ഫിനാൻസ് മൂലധനമാണല്ലോ ഇന്ന് ലോകത്ത് ആധിപത്യം പുലർത്തുന്നത്. ആയതിനാൽ ഇന്ന് ലോകത്തുള്ള എല്ലാ കേന്ദ്ര ബാങ്കുകളുടെയും അടിസ്ഥാന ചുമതല വിലക്കയറ്റത്തെ നിയന്ത്രിക്കുക എന്നുള്ളതാണ്. ഇന്ത്യയിലെ റിസർവ്വ് ബാങ്ക് നിയമപ്രകാരം വിലക്കയറ്റം 4 ശതമാനത്തിൽ പിടിച്ചുനിർത്താൻ ബാധ്യസ്ഥരാണ്. പരമാവധി 2 ശതമാനം വിലക്കയറ്റം ഉയരാം, അല്ലെങ്കിൽ താഴാം. ഈ റെയ്ഞ്ചിനുള്ളിൽ വിലക്കയറ്റത്തെ പിടിച്ചുനിർത്തുന്നതിനാണ് മോണിറ്ററി പോളിസികൊണ്ട് അവർ ചെയ്യാൻ ശ്രമിക്കുക.
ഇന്ത്യയിലെ വിലക്കയറ്റം 6 ശതമാനത്തിനു മുകളിലാണ്. ഇന്ത്യ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രൂക്ഷമായ വിലക്കയറ്റമാണ്. അമേരിക്കയിലെ വിലക്കയറ്റം 8 ശതമാനം കടന്നു. ഈ പശ്ചാത്തലത്തിൽ വിലക്കയറ്റത്തെ നിയന്ത്രിക്കാൻവേണ്ടി എല്ലാ രാജ്യങ്ങളും പലിശ നിരക്ക് ഉയർത്തുകയാണ്. ഇതിൽ അമേരിക്കയുടെ പലിശ നിരക്കിന് ലോകസമ്പദ്ഘടനയിൽ നിർണ്ണായക സ്വാധീനമുണ്ട്.
ലോകരാജ്യങ്ങൾ മുഖ്യമായും അമേരിക്കൻ ഡോളറിലാണ് അവരുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുന്നത്. അമേരിക്ക പലിശ നിരക്ക് ഉയർത്തുമ്പോൾ ഈ രാജ്യങ്ങളിലെ ഡോളർ നിക്ഷേപം കൂടുതൽ അമേരിക്കയിലേക്ക് ആകർഷിക്കപ്പെടും. അങ്ങനെ വിദേശനാണയത്തിന് ഡിമാന്റ് കൂടുമ്പോൾ വിദേശനാണയത്തിന്റെ മൂല്യം വർദ്ധിക്കും. രൂപ പോലുള്ള നമ്മുടെ നാണയങ്ങളുടെ വില ഇടിയും.
അങ്ങനെ ഡിസംബർ മാസത്തിൽ ഡോളറിന് 74 രൂപയായിരുന്ന രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 81 രൂപയായി ഇടിഞ്ഞു. ഇതു തന്നെ റിസർവ്വ് ബാങ്ക് നമ്മുടെ വിദേശനാണയ ശേഖരത്തിൽ നിന്ന് ഡോളർ എടുത്ത് ആവശ്യക്കാർക്കു ലഭ്യമാക്കിയതിനുശേഷം സംഭവിച്ചതാണ്. ഇന്ത്യയുടെ വിദേശനാണയ ശേഖരം 634 ബില്യൺ ഡോളറായിരുന്നു ഡിസംബർ 31-ന് അത് ഇപ്പോൾ 546 ബില്യൺ ഡോളറായി ശുഷ്കിച്ചു.
രൂപയുടെ മൂല്യം ഇടിയുന്നത് നമ്മുടെ ഇറക്കുമതിയുടെ ചെലവ് വർദ്ധിപ്പിക്കും. രൂപയുടെ മൂല്യം കുറഞ്ഞൂവെന്നു പറഞ്ഞ് പെട്രോൾ പോലുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതു കുറയ്ക്കാനാവില്ലല്ലോ. ഇതിനു രണ്ട് പ്രത്യാഘാതങ്ങളുണ്ട്. ഒന്ന്, നാട്ടിലെ വിലക്കയറ്റം രൂക്ഷമാകും. പലിശ നിരക്ക് ഉയർത്തി വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ വേണ്ടത്ര ഫലപ്രദമാകില്ല. രണ്ട്, നമ്മുടെ വ്യാപാരകമ്മി വർദ്ധിക്കും. അതു വീണ്ടും വിദേശനാണയ ശേഖരത്തെ ദുർബലപ്പെടുത്തും.
വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നു പിൻവാങ്ങുന്നത് നമ്മുടെ ഓഹരി വിലകളെ പ്രതികൂലമായി ബാധിക്കും. അവർ വലിയ തോതിൽ ഇന്ത്യയിലെ ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തിയിരിക്കുന്നതുകൊണ്ടാണ് നമ്മുടെ ഓഹരി വിലകൾ കോവിഡ് കാലത്തുപോലും ഉയർന്നത്. പക്ഷേ, 2022-ൽ ഓഹരി കമ്പോളത്തിൽ തണുപ്പാണ്.
അമേരിക്ക പലിശ നിരക്ക് ഉയർത്തിയതിന്റെ പിറ്റേന്ന് ലോകത്തെമ്പാടുമുള്ള ഓഹരി കമ്പോളങ്ങൾ ഇടിഞ്ഞു. സെൻസെക്സ് 1.7 ശതമാനമാണ് കുറഞ്ഞത്.
ഇത്തരത്തിൽ ആഗോള സമ്പദ്ഘടന വലിയ അരക്ഷിതാവസ്ഥയിലേക്കു നീങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പല വിദഗ്ദരും പ്രവചിക്കുന്നത് ഈ വർഷം അവസാനിക്കുമ്പോഴേക്കും മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യം നമ്മൾ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ്.