ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്. അർധ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവും വിരാട് കോഹ്ലിയും തകര്‍ത്തടിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ അവസാനത്തേതും നിര്‍ണായകവുമായ ടി20 പോരാട്ടത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാര്‍ 69 റണ്‍സും കോലി 63 റണ്‍സും നേടി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. കളിയിലെ താരമായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു. അക്ഷര്‍ പട്ടേലാണ് പരമ്പരയുടെ താരം.
ഇന്ത്യക്ക് ആദ്യം മോശം തുടക്കമായിരുന്നു. 5 റണ്‍സ് മാത്രമുള്ളപ്പോള്‍ കെ എല്‍ രാഹുല്‍(4 പന്തില്‍ 1) പുറത്തായി. സാംസിന്റെ പന്തില്‍ വെയ്ഡിന്റെ ഗംഭീര ക്യാച്ചിലായിരുന്നു പുറത്താകല്‍. പിന്നാലെ 14 പന്തില്‍ 17 എടുത്ത രോഹിത്തിനെ നാലാം ഓവറില്‍ കമ്മിന്‍സ് പറഞ്ഞയച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സിക്സുകളും ബൗണ്ടറികളുമായി സൂര്യകുമാര്‍ യാദവും വിരാട് കോഹ്ലിയും കളംനിറഞ്ഞപ്പോള്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ഓസീസിനായി ഡാനിയല്‍ സാംസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്സല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ യുവതാരങ്ങളായ ടിം ഡേവിഡിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും കരുത്തിലാണ് ഓസീസ് മികച്ച സ്കോര്‍ കണ്ടെത്തിയത്. ഗ്രീൻ വെറും 21 പന്തിൽ നിന്ന് മൂന്ന് സിക്സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 52 റൺസെടുത്തു.
നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത അക്സർ പട്ടേലാണ് ഇന്ത്യൻ ബോളർമാർക്കിടയിൽ തിളങ്ങിയത്.