പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാർ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് ആഭ്യന്തര തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ ഐക്യ ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ സോണിയ നേതാക്കളോട് നിര്‍ദേശിച്ചു. രണ്ടു നേതാക്കളും പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് തീരുമാനമെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
‘നമുക്ക് ബിജെപി നീക്കം ചെയ്ത് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. അതിനായി ബിഹാറില്‍ ബിജെപിയെ ഇല്ലാതാക്കിയത് പോലെ എല്ലാവരും ഒന്നിക്കണം. ഞങ്ങള്‍ സോണിയയുമായി സംസാരിച്ചു. 10-12 ദിവസങ്ങള്‍ക്ക് ശേഷം പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്തതിന് ശേഷം വീണ്ടും കാണാമെന്ന് അവര്‍ അറിയിച്ചു’ കൂടിക്കാഴ്ചക്ക് ശേഷം ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് ഇല്ലാതെ ഒരു സഖ്യമില്ലെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്‍ അവര്‍ മുന്നില്‍ തന്നെയാണെന്നും ലാലു കൂട്ടിച്ചേര്‍ത്തു.
അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് മേധാവികള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നത്. കോണ്‍ഗ്രസുമായി അകന്ന് നില്ക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും തങ്ങള്‍ കാണുമെന്ന് ലാലുവും നിതീഷും സോണിയയെ അറിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള തീരുമാനങ്ങള്‍ക്കും മറ്റും പുതിയ കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിയാലോചിക്കാനാണ് സോണിയ നിര്‍ദേശിച്ചിട്ടുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയില്‍ പ്രതിപക്ഷ റാലി നടന്നു. ഐഎന്‍എല്‍ഡി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവി ലാലിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് റാലി വിളിച്ച് ചേർത്തതെങ്കിലും ബിജെപിക്കെതിരായ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയാണ് റാലിയില്‍ കണ്ടത്.
ക്ഷണമുണ്ടായിരുന്നിട്ടും മമതയും ചന്ദ്രശേഖര റാവുവും റാലിക്കെത്തിയില്ല. എന്‍ഡിഎ വിട്ട അകാലിദള്‍, ജെഡിയു, ശിവസേന പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് മൂന്ന് പാർട്ടികളും എൻഡിഎ വിട്ടതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തെ കർഷക ആത്മഹത്യകളും പ്രതിഷേധങ്ങളും ഉയർത്തി റാലിയില്‍ എൻസിപി നേതാവ് ശരത് പവാർ കേന്ദ്രസർക്കാരിനെ വിമർശിച്ചു. അമൃത് തട്ടിയെടുത്ത രാക്ഷസൻമാരാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരിഹസിച്ചു. 2024 ലോകസഭ തെരഞ്ഞടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഐക്യപ്പെടമെന്ന് ജെഡിയും നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ആഹ്വാനം ചെയ്തു.