ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ഋഷഭ് പന്തിന് പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലിടം നേടി. ഓസ്ട്രേലിയന്‍ ടീമിലും ഒരു മാറ്റമുണ്ട്. സീന്‍ അബോട്ടിന് പകരം ജോഷ് ഇംഗ്ലിസ് ടീമില്‍ തിരിച്ചെത്തി.
റിഷഭ് പന്തിനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റി എന്നതിന് ടോസ് വേളയില്‍ രോഹിത് ശര്‍മ്മ മറുപടി നല്കി. എട്ട് ഓവര്‍ മത്സരമായി ചുരുങ്ങിയ അവസാന ടി20യില്‍ നാല് ബൗളര്‍മാരെ മാത്രമാണ് ഇന്ത്യ കളിപ്പിച്ചത്. അതിനാലാണ് അന്ന് ഭുവനേശ്വര്‍ കുമാറിന് പുറത്തിരിക്കേണ്ടിവന്നതും റിഷഭ് പ്ലേയിംഗ് ഇലവനിലെത്തിയതും. എന്നാല്‍ ഇന്ന് 20 ഓവര്‍ വീതം മത്സരം നടക്കും എന്നതിനാല്‍ ബൗളിംഗ് ഓപ്ഷന് കണക്കാക്കി ഭുവിയെ ഇലവനിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കഴിഞ്ഞ മത്സരത്തില്‍ തിരിച്ചെത്തിയതോടെ ഇന്ത്യക്ക് ഡെത്ത് ഓവറില്‍ ഇനി ഭുവിയെ ആശ്രയിക്കേണ്ടതില്ല എന്ന കാരണവും ടീം തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്.
വെള്ളിയാഴ്ച നടന്ന രണ്ടാം ട്വന്റി 20 മഴകാരണം എട്ട് ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ അഞ്ചിന് 90 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 7.2 ഓവറില്‍ നാലുവിക്കറ്റിന് 92 റണ്‍സിലെത്തി. രോഹിത് ശര്‍മ (20 പന്തില്‍ 46*) കളിയിലെ താരമായി. ഇന്ത്യയ്ക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 10 റണ്‍ വേണ്ടിയിരിക്കെ, ആദ്യപന്തില്‍ സിക്സും പിന്നെ ഫോറും നേടി ദിനേഷ് കാര്‍ത്തിക് (രണ്ടു പന്തില്‍ 10*) ജയം കുറിച്ചു. കെ.എല്‍. രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവര്‍ പുറത്തായി. ഇതോടെ പരമ്പരയില്‍ ഒപ്പമെത്താനായി (1-1).
ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ
ടീം ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, മാത്യൂ വെയ്ഡ്, ഡാനിയല്‍ സാംസ്, പാറ്റ് കമ്മിന്‍സ്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്