“ഒരു വ്യക്തിപര അനുഭവം”
ഏത് അന്വേഷണ ഏജൻസികൾ പരിശോധനക്ക് വന്നാലും ഭയപ്പെടേണ്ട കാര്യമില്ല. അതിൻ്റെ പേരിൽ സമരാഹ്വാനങ്ങളും ആവശ്യമില്ല.
നമ്മളുടെയും കുടുംബത്തിൻ്റെയും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും സുതാര്യവും സത്യസന്ധവുമാണെങ്കിൽ ലോകത്തിലെ ഏത് സാമ്പത്തിക അന്വേഷണ വിഭാഗം വിചാരിച്ചാലും ഒരാളെയും ഒന്നും ചെയ്യാൻ കഴിയില്ല.
രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ആരെയെങ്കിലും തല്ലാനോ കൊല്ലാനോ ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ സാക്ഷാൽ “മൊസാദാ”യാലും ഒരു ചുക്കും ചെയ്യില്ല.
വാർത്താ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആർത്തട്ടഹസിച്ച് കൊമ്പുകുലുക്കി വന്നിട്ടും നിർഭയം എല്ലാറ്റിനെയും നെഞ്ചു വിരിച്ച് നേരിട്ടത്ത് മടിയിൽ കനമില്ലാത്തത് കൊണ്ട് തന്നെയാണ്.
നികുതിയടക്കാത്ത പണം കൈവശം വെച്ചതിൻ്റെ പേരിൽ എനിക്ക് ഒരു രൂപയും എവിടെയും പിഴയൊടുക്കേണ്ടി വന്നിട്ടില്ല.
എൻ്റെയോ കുടുംബത്തിൻ്റെയോ പേരിലുള്ള നിക്ഷേപത്തിൻ്റെ ഉറവിടം കാണിച്ച് കൊടുക്കാൻ കഴിയാത്തത് കൊണ്ട് എൻ്റെ ബാങ്ക് അക്കൗണ്ടുകൾ ഒരു ഏജൻസിയും മരവിപ്പിച്ചിട്ടില്ല.
അവിഹിത സമ്പാദ്യം സ്വന്തമാക്കിയതിൻ്റെ പേരിൽ എൻ്റെ ഒരു രൂപയുടെ സ്വത്തുവഹകളും ആരും കണ്ടു കെട്ടിയിട്ടില്ല.
എൻ്റെ കട്ടിലിനടിയിൽ നിന്ന് 60 ലക്ഷം പോയിട്ട് ഒരു നയാ പൈസ പോലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ചിട്ടും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
എന്നിട്ടും എന്നെയും കുടുംബത്തെയും അപമാനിക്കാൻ പത്രമാധ്യമങ്ങളും ചാനൽ അവതാരകരും ‘നിശ്പക്ഷ’ നിരീക്ഷകരും യു.ഡി.എഫും ബി.ജെ.പിയും വെൽഫെയർ പാർട്ടിയും പോപ്പുലർ ഫ്രണ്ടും എന്തൊക്കെ നുണപ്രചാരണങ്ങളാണ് അഴിച്ചു വിട്ടത്?
അതിൻ്റെ പേരിൽ വഴിതടയലും ചീമുട്ടയേറും ഉൾപ്പടെ എന്താക്കെ അതിക്രമങ്ങളാണ് കാട്ടിക്കൂട്ടിയത്. വളാഞ്ചേരി മുതൽ തലസ്ഥാനം വരെ എന്നെ പിന്തുടർന്ന് തൊട്ടടുത്ത ടൗണിൽ തമ്പടിച്ച കോൺഗ്രസ്-ലീഗ്-ബി.ജെ.പി പ്രവർത്തകർക്ക് എൻ്റെ ലൊക്കേഷൻ തൽസമയ വാർത്തയായി നൽകി ജീവൻ അപായപ്പെടുത്താൻ വരെ ദൃശ്യ മാധ്യമ പ്രവർത്തകർ സൗകര്യമൊരുക്കി കൊടുത്തത് മലയാളികൾ മറന്നു കാണില്ല.
ഇതിനെല്ലാം പുറമെയായിരുന്നു സോഷ്യൽ മീഡിയ വഴിയുള്ള വ്യക്തിഹത്യകളും ട്രോളുകളും.
ഒരു കെണിയിലും പെടുത്താൻ കഴിയാതെ വന്നപ്പോൾ “രാജ്യദ്രോഹിയാക്കാനായി”രുന്നല്ലോ അരയും തലയും മുറുക്കി ഒരുപറ്റം വർഗീയ മനസ്സുള്ളവർ രംഗത്ത് വന്നത്.
ചിലർ കോടതികളെ സമീപിച്ചതും നാം കണ്ടു. അതുമായി ബന്ധപ്പെട്ട് ഏത് പോലീസ് സംഘമാണെങ്കിലും അന്വേഷിക്കട്ടെ. വസ്തുതകൾ സത്യസന്ധമായി അവരെ ബോധിപ്പിക്കും. അതോടെ ദുഷ്പ്രചരണങ്ങളുടെ കാർമേഘങ്ങൾ നീങ്ങും. ആകാശം തെളിയും.
“സൃഷ്ടാവായ നാഥൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്”
(വിശുദ്ധ ഖുർആൻ)
എസ്‌ഡിപിഐ പ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ ഡോ. കെ.ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്.