ലോര്‍ഡ്സ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം ജൂലാന്‍ ഗോസ്വാമിക്ക് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ജയത്തോടെ മടക്കം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 16 റണ്‍സിന്റെ ജയം നേടിയ ഇന്ത്യന്‍ സംഘം പരമ്പരയും തൂത്തുവാരി തങ്ങളുടെ ഇതിഹാസ താരത്തിന്റെ വിടവാങ്ങല്‍ ഗംഭീരമാക്കി.
അവസാന മത്സരം കളിച്ച ജൂലാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 153 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രേണുക സിംഗാണ് ആതിഥേയരെ തകര്‍ത്തത്.
47 റണ്‍സ് നേടിയ ചാര്‍ലോട്ട് ഡീനാണ് ആതിഥേയരുടെ ടോപ് സ്കോറര്‍. പന്തെറിയുന്നതിനിടെ ക്രീസിന് പുറത്തുനിന്ന ഡീനിനെ ദീപ്തി ശര്‍മ മങ്കാദിംഗിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. എമി ജോണ്‍സ് (28), ഡാനിയേല വ്യാട്ട് (28), എമ്മ ലാംപ് (21), കെയ്റ്റ് ക്രോസ് (10), ഫ്രേയ ഡേവിസ് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. താമി ബ്യൂമോണ്ട് (8), സോഫിയ ഡങ്ക്ളി (7), ആലിസ് കാപ്സി (5), ഡാനിയേല വ്യാട്ട് (8), സോഫി എക്ലെസ്റ്റോണ്‍ (0), ഫ്രേയ കെംപ് (5) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. രേണുകയ്ക്ക് പുറമെ രാജേശ്വരി ഗെയ്കവാദ് രണ്ടും ദീപ്തി ശര്‍മ ഒരു വിക്കറ്റു വീഴ്ത്തി.
നേരത്തെ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ സ്മൃതി മന്ദാന (50), ദീപ്തി ശര്‍മ (68), പൂജ വസ്ത്രാകര്‍ (22) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാഹ എന്ന കുഗ്രാമത്തില്‍നിന്ന് ലോകവേദിയിലേക്കുള്ള പടികള്‍ ചവിട്ടിക്കയറി ദീര്‍ഘകാലം അവിടെ തേജസ്സോടെ നിറഞ്ഞുനിന്ന താരമായിരുന്നു ജൂലാന്‍ ഗോസ്വാമി. വനിതാക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ്ബൗളറായി, ഇന്ത്യന്‍ ക്യാപ്റ്റനായി. 18 വര്‍ഷം നീണ്ട അര്‍ഥപൂര്‍ണമായ ആ ക്രിക്കറ്റ് കരിയറിനാണ് ശനിയാഴ്ച ലോര്‍ഡ്സില്‍ തിരശ്ശീല വീണത്.
വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന നേട്ടവുമായാണ് ജുലൻ കരിയർ അവസാനിപ്പിക്കുന്നത്. ഒരു ലോകകപ്പ് നേട്ടം ഇല്ലാത്തത് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നാണ് ജുലൻ ഗ്വാസ്വാമി ഒരിക്കൽ പറഞ്ഞത്. ബംഗാളിലെ ചക്ദ സ്വദേശിയായ ജുലൻ 2002 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. ഇന്ത്യൻ ജഴ്സിയിൽ ജുലന്റെ 204ാം ഏകദിന മത്സരമാണ് ഇന്നത്തേത്. 68 ട്വന്റി20 മത്സരങ്ങളിലും 12 ടെസ്റ്റുകളിലും കളിച്ചു.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ജൂലാനാണ്, 40. ഓസ്ട്രേലിയയുടെ ലിന് ഫുള്‍സ്റ്റണ്‍ 34 വര്‍ഷമായി കൈവശംവെച്ചിരുന്ന 39 വിക്കറ്റുകളുടെ റെക്കോഡാണ് ജൂലാന്‍ മറികടന്നത്. അഞ്ച് ലോകകപ്പുകളാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്. പക്ഷേ, രണ്ട് ഫൈനല്‍ കളിച്ചിട്ടും ഒരു ലോകകപ്പ് പോലും നേടാനായില്ലെന്ന സങ്കടംബാക്കി.
2007-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും മികച്ച വനിതാതാരമായി. 2016-ല്‍ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 2018-ല്‍ ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായി. 25 ഏകദിനങ്ങളില്‍ ജൂലാന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു.