കോട്ടയം: പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി പത്തനംതിട്ട ഇലന്തൂർ ചെക്കോട്ടു കൊച്ചുകാലിൽ ആൽവിൻ സാം ഫിലിപ്പ് (18) ആണ് മരിച്ചത്.
സുഹൃത്തുക്കളായ ഏഴു പേരാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ ആൽവിൻ കാൽ വഴുതി ആഴത്തിലേക്ക് പോകുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ടു നാട്ടുകാർ എത്തിയെങ്കിലും ആൽവിനെ കണ്ടെത്താനായില്ല.
തുടർന്ന് കോട്ടയത്തുനിന്നും അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.