പിഎഫ്ഐ ഹര്‍ത്താലിലെ അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി .പിഎഫ്ഐ ഇന്നലെ നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്നും കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. കേരള സീനിയര്‍ പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമ സംഭവങ്ങളില്‍ പൊലീസ് ഫലപ്രദമായി ഇടപെട്ടു.പൊലീസ് സേനയുടെ സമയോജിത ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോള്‍ അത് കലാപന്തരീക്ഷമായി മാറാതെ തടയാന്‍ സാധിച്ചത്. മുഖം നോക്കാതെ വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ഫലപ്രദമായ നടപടിയുണ്ടായി. ഇനിയും അതേ രീതിയില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍കൊണ്ട് വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.