മുംബൈ: ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലെ ശിവസേന പക്ഷത്തിന് ബോംബെ ഹൈകോടതിയുടെ അനുമതി. ശിവസേനയിലെ ഏക്നാഥ് ഷിൻഡെയുടെ വിമതപക്ഷത്തിന് വിധി വൻ തിരിച്ചടിയായി. ശിവസേന അധികാരത്തർക്കം സംബന്ധിച്ച് തീരുമാനമാകും വരെ ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കരുതെന്ന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.
ശിവാജി പാർക്കിലെ ദസറ റാലിക്ക് ഇരുപക്ഷത്തിനും മുംബൈ നഗരസഭ അനുമതി നിഷേധിച്ചിരുന്നു. നഗരസഭയുടെ വിലക്കിനെതിരെ ബോംബെ ഹൈകോടതിയെ സമീപിക്കുകയും ഉദ്ധവ് പക്ഷം അനുമതി നേടിയെടുക്കുകയുമായിരുന്നു. ജുഡീഷ്യറിയിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കപ്പെട്ടുവെന്ന് വിധിയെ സ്വാഗതം ചെയ്ത് ഉദ്ധവ് വിഭാഗം പ്രതികരിച്ചു.
താക്കറെ പക്ഷത്തിന് അനുമതി നിഷേധിച്ച ബിഎംസി ഉത്തരവ് ”നിയമ പ്രക്രിയയുടെ വ്യക്തമായ ദുരുപയോഗം” ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആർ.ഡി ധനുക, കമൽ ഖാത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഒക്ടോബർ രണ്ടു മുതൽ ഒക്ടോബർ ആറു വരെ ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകിയത്.
56 വർഷമായി ശിവാജി പാർക്കിൽ റാലി നടന്നുവരുന്നതാണ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം അത് മുടങ്ങി. ഉദ്ദവിന്റെ പിതാവും പാർട്ടി സ്ഥാപകനുമായ ബാൽ താക്കറെയുടെ തീപ്പൊരി പ്രസംഗങ്ങൾക്ക് വേദിയായ സ്ഥലമാണ് ശിവാജി പാർക്ക്. അതേസമയം, ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത് അവരാണ് യഥാർത്ഥ ശിവസേനയെന്നാണ്. ഹിന്ദുത്വയും മറാഠി സ്വാഭിമാനവും ഉയർത്തിപ്പിടിക്കുന്ന, ബാൽതാക്കറെയുടെ യഥാർത്ഥ പാർട്ടി പിൻഗാമികൾ തങ്ങളാണെന്നാണ് അവർ അവകാശപ്പെടുന്നത്. പാർട്ടി പിളർപ്പിനു ശേഷമെത്തുന്ന ആദ്യ ദസറയെന്ന നിലയിൽ ഇക്കുറി ഏറെ പ്രത്യേകതയുണ്ട്. ശിവസേന പിളർത്തി ബിജെപിക്കൊപ്പം ഭരണം നടത്തുകയാണ് ഏക്നാഥ് ഷിൻഡെ വിഭാഗം.