കോട്ടയത്ത് ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.സമരക്കാര്‍ പിന്തിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. രാവിലെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടത്തോടെ ഈരാറ്റുപേട്ട ടൗണിലെത്തി റോഡില്‍ മുദ്രാവാക്യം വിളിച്ച് വഴി തടയുകയായിരുന്നു.
മുട്ടം കവലയില്‍ നിന്നും വന്‍ പ്രതിഷേധ മാര്‍ച്ചോടെ എത്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഈരാറ്റുപേട്ട ടൗണില്‍ റോഡ് ഉപരോധിച്ചത്. ഇതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വാഹനം തടഞ്ഞ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിരുന്നു. കോട്ടയത്ത് നിരവധി സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.