ന്യൂഡല്‍ഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്കുന്ന വാട്ട്സാപ്പ്, സൂം, സ്കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു.
കരട് ബില്ലില്‍ ഒ.ടി.ടി ആപ്പുകളെ ടെലികമ്യൂണിക്കേഷന്‍ സേവനമായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ടെലികമ്യൂണിക്കേഷന്‍ സേവനവും ടെലികമ്യൂണിക്കേഷന്‍ നെറ്റ്വര്ക്കും ലഭ്യമാക്കാന്‍, സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടെലികോം അല്ലെങ്കിൽ ഇന്റർനെറ്റ് സേവനദാതാക്കൾ ലൈസൻസ് തിരിച്ചേൽപ്പിക്കുന്ന പക്ഷം, ഫീസ് തിരിച്ചു നൽകാനും വ്യവസ്ഥ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യൻ ടെലികോം ബിൽ 2022-നെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തേടുന്നു എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. കരട് ബില്ലിന്മേൽ പൊതുജനങ്ങൾക്ക് ഒക്ടോബർ 20നകം അഭിപ്രായം അറിയിക്കാം.