ന്യൂഡല്‍ഹി: അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന പശ്ചാത്തലത്തില്‍, പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളി സച്ചിന് പൈലറ്റ് രാജസ്ഥാന് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. രാജസ്ഥാന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതില്‍ സച്ചിന് ഗാന്ധികുടുംബത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്.
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പക്ഷം മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ ഗെലോട്ട് സമ്മതിച്ചുവെന്നാണ് സൂചന. രാജസ്ഥാന് കോണ്‍ഗ്രസിലെ ഗെലോട്ട്-പൈലറ്റ് പോരിനെ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് ശാന്തമാക്കി നിര്‍ത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റ് എത്തുന്നത് ഗെലോട്ടിന് താല്പര്യമുള്ള കാര്യമല്ല. മുഖ്യമന്ത്രിയെ താന്‍ നിര്‍ദേശിക്കാമെന്ന ഗെലോട്ടിന്റെ ആവശ്യവും ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. ഗെലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ സച്ചിന് പൈലറ്റിനെ അവഗണിച്ചാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. രാജസ്ഥാന് കോണ്‍ഗ്രസില്‍ പ്രബലമായ രണ്ട് വിഭാഗമാണ് ഗെലോട്ടും സച്ചിന് പൈലറ്റും. മുഖ്യമന്ത്രി സ്ഥാനമുന്നയിച്ച് സച്ചിന് പൈലറ്റ് നേരത്തെ വിമത നീക്കം നടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയാണ് ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിച്ചത്.
ഒരാള്‍ക്ക് ഒരു പദവി എന്ന നയം ഗഹലോത്തിനും ബാധകമാകുമോയെന്ന് കേരളത്തില്‍ പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നു. ‘ഉദയ്പുറില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തിയിരുന്നു. ആ തീരുമാനം പാലിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’, എന്നായിരുന്നു രാഹുലിന്റെ മറുപടി.
അതേസമയം, അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് കടുംപിടുത്തത്തിലാണ്. ഇരട്ട പദവി പ്രശ്നമല്ലെന്നും താൻ നിരവധി തവണ രണ്ട് പദവികൾ വഹിച്ചിട്ടുണ്ടെന്നുമുള്ള നിലപാടാണ് ദില്ലിയിലെത്തിയ ഗേലോട്ട് സോണിയാ ഗാന്ധിക്ക് മുന്നിലും സ്വീകരിച്ചത്. എന്നാൽ ഒരാൾ സുപ്രധാനമായ രണ്ട് പദവികൾ വഹിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അശോക് ഗലോട്ടിനോട് സോണിയ ഗാന്ധി കടുപ്പിച്ച് പറഞ്ഞതായാണ് വിവരം.
ഹൈക്കമാൻഡ് പിന്തുണ ഗേലോട്ടിനാണെങ്കിലും ഇരട്ടപ്പദവി അംഗീകരിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. അധ്യക്ഷനായാൽ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് നിര്‍ദ്ദേശിച്ച സോണിയ, അധ്യക്ഷ പദവിയെ ചെറുതായി കാണരുതെന്നും നിർദ്ദേശിച്ചു. ഇരട്ട പദവിയില്‍ ഗ്രൂപ്പ് 23 അടക്കം അതൃപ്തി അറിയിച്ചിരുന്നു.