ബസില്‍ നിന്ന് തെറിച്ചുവീണ ഒമ്പതാം ക്ലാസുകാരനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നു. കൊല്ലം എഴുകോണില്‍ നിഖില്‍ സുനിലാണ് റോഡിലേക്ക് തെറിച്ചുവീണത്. സംഭവം കണ്ട ബൈക്ക് യാത്രികനായ ഹോം ഗാര്‍ഡാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലയ്ക്കും കാലിനും മുഖത്തും തോളിനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ചീരങ്കാവ് പെട്രോള്‍ പമ്പിനു സമീപമായിരുന്നു സംഭവം.
നിഖിലും സുഹൃത്തുക്കളും കൊട്ടാരക്കര- കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസില്‍ കുണ്ടറയിലേക്ക് വരികയായിരുന്നു. ഇതിനിടെ നിഖില്‍ ബസിന്റെ വാതിലില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. സംഭവം കണ്ട് സുഹൃത്തുക്കള്‍ ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല . തുടര്‍ന്ന് ചീരങ്കാവിലെത്തി വിദ്യാര്‍ഥികളെ ഇറക്കിയ ശേഷം ബസ് യാത്ര തുടര്‍ന്നു. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി വിവരമറിയിച്ചതോടെ അധ്യാപകരാണ് കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്. വീഴ്ചയില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന നിഖിലിനെ പിന്നാലെയെത്തിയ ഹോം ഗാര്‍ഡ് സുരേഷ്ബാബു ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ ആദ്യം എഴുകോണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കി. പിന്നീട് കുണ്ടറ താലൂക്ക് ആശുപത്രിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.