ഫുട്ബോൾ ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്ക്. നവംബർ 1 മുതൽ ഡിസംബർ 23 വരെയാണ് സന്ദർശക വിസകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ തരം സന്ദർശക വിസകൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്. ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ല. ഹയ്യാ കാർഡ് വഴിയാണ് ലോകകപ്പ് സമയത്ത് ആരാധകർക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക.
ഡിസംബർ 23ന് ശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഹയ്യാ കാർഡ് ഉടമകൾക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറിൽ തുടരാനാവും. 2023 ജനുവരി 23നുള്ളിൽ മടങ്ങി പോയാൽ മതിയാവും.ഖത്തർ പൗരന്മാർ, താമസക്കാർ, ഖത്തർ ഐഡിയുള്ള ജിസിസി പൗരന്മാർ എന്നിവർക്ക് ഹയ്യാ കാർഡില്ലാതെ ലോകകപ്പിന്റെ സമയം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ഖത്തറിലേക്ക് വർക്ക് പെർമിറ്റിലും, വ്യക്തിഗത റിക്രൂട്ട്മെൻറ് വിസയിലും എത്തുന്നവർക്കും പ്രവേശനത്തിന് വിലക്കില്ല.