ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ് ലി പ്രഫഷണൽ സർവകലാശാലയിൽ മരിച്ച മലയാളി വിദ്യാർഥി അഖിൻ എസ് ദിലീപിന്റെ മരണത്തിൽ എൻ.ഐ.ടി ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണയ്ക്കെതിരെയാണ് കേസെടുത്തത്.
വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമർശമുണ്ടായിരുന്നു. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തി എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഡയറക്ടർ സ്ഥാനത്തുനിന്നും അധ്യാപകന് മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഐടിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി.
ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അഗിന് എസ് ദിലീപിനെ ചൊവ്വാഴ്ച വൈകീട്ടാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യകുറിപ്പിൽ കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ പരാമർശമുണ്ട്. നേരത്തെ എൻ.ഐ.ടിയിലായിരുന്നു അഖിൻ പഠിച്ചിരുന്നത്. പിന്നീട് ഇവിടുത്തെ പഠനം പല കാരണങ്ങളാൽ അവസാനിപ്പിക്കുകയായിരുന്നു. എൻ.ഐ.ടി ഡയറക്ടർ വൈകാരിമായി തെറ്റിദ്ധരിപ്പിച്ച് പഠനം നിർത്തിച്ചു എന്നായിരുന്നു ആത്മഹത്യകുറിപ്പിലുള്ളത്.
അന്ന് പഠനം നിർത്താനുള്ള തീരുമാനം തെറ്റായിരുന്നെന്നും അതിൽ ഒരുപാട് ഖേദിക്കുന്നെന്നും കുറിപ്പിൽ പറയുന്നു. എല്ലാവരോടും മാപ്പ് ചോദിക്കുന്നെന്നും കുറിപ്പിലുണ്ട്. എൻ.ഐ.ടിയിൽ നിന്ന് പഠനം നിർത്തിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്നാണ് കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചത്.