പോത്തൻകോട് വെള്ളാണിക്കൽ പാറമുകളിൽ സ്ഥലം കാണാൻ എത്തിയ പെൺകുട്ടികളെ നാട്ടുകാരൻ എന്നു പറഞ്ഞു ഒരുകൂട്ടം ആൾക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. ഇതു സംബന്ധിച്ച് പോത്തൻകോട് പോലീസ് കേസ് എടുത്തെങ്കിലും ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ആരോപണവും ഉയരുന്നു.
ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. സുഹൃത്തിൻ്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണുവാൻ വേണ്ടി വെള്ളാണിക്കൽ പാറമുകളിൽ എത്തിയപ്പോഴാണ് ചിലർ ചോദ്യം ചെയ്തതും മർദ്ദിച്ചതും. സ്കൂളിൽ പഠിക്കുന്ന നിങ്ങൾ എന്തിന് ഇവിടെ എത്തി എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം. വടി ഉപയോഗിച്ച് ക്രൂരമായാണ് മർദ്ദിച്ചതെന്നാണ് പെൺകുട്ടികൾ പറയുന്നത്. പെൺകുട്ടികളെ മർദ്ദിക്കുന്നതും അവർ നിലവിളിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മർദ്ദിച്ച വ്യക്തിയെ അവിടെയുണ്ടായിരുന്ന ഒരാൾ ചോദ്യം ചെയ്യുന്നുണ്ട്. അപ്പോൾ നിങ്ങൾ പത്രങ്ങളൊന്നും വായിക്കാറില്ലേ എന്നാണ് അയാൾ തിരിച്ചു ചോദിക്കുന്നത്. ഞാൻ മുട്ടിനു താഴെയാണ് അടിച്ചതെന്നും ഇയാൾ പറയുന്നുണ്ട്. പെൺകുട്ടികൾ വഴിപിഴച്ചു പോകാതിരിക്കാനാണ് മർദ്ദിച്ചതെന്നാണ് ഇയാൾ പറയുന്നത്. അടിക്കാൻ താങ്കൾക്ക് അവകാശമുണ്ടോ എന്ന ചോദ്യത്തിന് ഞാൻ ഈ നാട്ടുകാരനാണെന്നും ഇവിടെ ചോദിക്കാനും പറയാനും തനിക്ക് അവകാശമുണ്ടെന്നും ഇയാൾ മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നു.
എന്നാൽ പെൺകുട്ടികളെ മർദ്ദിച്ച വ്യക്തി വെള്ളാണിക്കൽ പാറമുകൾ നിവാസിയല്ല എന്നാണ് പാറമുകൾ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നത്.