വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ദില്ലിയിലേക്ക് .ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനോടകം അറിയിച്ചിരുന്നു. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല എന്നാണ് സൂചന.
അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിപിഎം സി പി ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിലപാട് വിറ്റ് ബി ജെ പിയില്‍ എത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന് എന്നായിരുന്നു ദേശാഭിമാനി ലേഖനം. ജയിന് ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നതെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.